കോഴിക്കോട്: കേരളത്തിന്റെ വികസനത്തിനല്ല, സിപിഎമ്മിനും നേതാക്കള്‍ക്കും മൂലധനം സമാഹരിക്കാനുള്ള അതിവേഗ അഴിമതിയുടെ പാതയാണ് കെ റെയില്‍ പദ്ധതിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. വന്‍ സാമൂഹ്യ- പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന പദ്ധതി തികച്ചും ജനവിരുദ്ധമാണ്. സാമൂഹ്യാഘാത പഠനം പോലും നടത്താതെയാണ് വിനാശമുണ്ടാക്കുന്ന കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുന്നതും ഭൗമഘടന തന്നെ മാറ്റുന്നതുമായ പദ്ധതി നിത്യനിദാനചിലവുകള്‍ക്ക് വകയില്ലാത്ത സംസ്ഥാനത്ത് വന്‍സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കും. കൊല്ലം ജില്ലയിലെ കൊട്ടിയത്തും മറ്റും കെ റെയില്‍ വിരുദ്ധസമരത്തെ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ചോരയില്‍ മുക്കിക്കൊല്ലുകയാണ്. പലരും ആത്മഹത്യക്കൊരുങ്ങിയിട്ടും പദ്ധതി അടിച്ചേല്പിക്കുന്ന സമീപനത്തില്‍ നിന്ന് പിന്മാറാനോ ചര്‍ച്ചയ്‌ക്കോ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയ്യാറാവുന്നില്ലെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.
നിലവിലുള്ള ട്രെയിനുകളുടെ വേഗം 2025 ഓടെ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമുണ്ട്.

ഇതോടെ അര്‍ദ്ധ അതിവേഗപാത അനാവശ്യമാകും. അശാസ്ത്രീയമായ പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ അസത്യങ്ങള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതേക്കുറിച്ച് വിശദമായ കാര്യങ്ങള്‍ ബിജെപി പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ധരിപ്പിക്കും. പദ്ധതിക്കെതിരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നും സമര രംഗത്തുള്ള ഇതരസംഘടനകളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, എ.കെ.ആന്റണി, ശശി തരൂര്‍ തുടങ്ങിയവര്‍ പദ്ധതിയെക്കുറിച്ച് മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണ്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 50,000 രൂപയുടെ ആശ്വാസധനം നിഷേധിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതമാണെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാപ്രസിഡന്റ് വി.കെ.സജീവന്‍, ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്‍, ഇ. പ്രശാന്ത് കുമാര്‍, വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി പങ്കെടുത്തു.
