കോഴിക്കോട്: പ്ലസ് വൺ സീറ്റ് വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് അടിയന്തിരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് ജില്ലയിലെ 14 കേന്ദ്രങ്ങളിൽ തെരുവ് പഠനം നടത്തി പ്രതിഷേധിച്ചു.
ഉയർന്ന ഗ്രേഡ് നേട്ടിയിട്ടും ഇഷ്ടപ്പെട്ട കോംബിനേഷനോ ആഗ്രഹിച്ച സ്കൂളോ ലഭിക്കാത്ത സാഹചര്യമാണ് ജില്ലയിലുള്ളത്. അനേകായിരം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കണമെങ്കിൽ ഫീസ് നൽകേണ്ട അവസ്ഥയാണുള്ളത്. കേരള മോഡൽ വിദ്യാഭ്യാസമെന്ന് കൊട്ടിഘോഷിക്കുന്ന സർക്കാറിന്റെ ഭാഗത്ത് നിന്നും വരുന്ന പ്രതികരണങ്ങൾ നിരാശജനകമാണ്.
തെരുവിൽ ക്ലാസ് മുറികൾ സ്ഥാപിച്ച് പ്ലസ് വൺ ക്ലാസിലെ പൊളിറ്റിക്സിലെ അഞ്ചാം അദ്ദ്യായം അവകാശങ്ങളെ കുറിച്ച് ക്ലാസ് എടുത്തും മുദ്രാവക്യങ്ങൾ വിളിച്ചുമാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. അവസാന വരിയിലെ അവസാനത്തെ കുട്ടിക്കും അവസരം ഉറപ്പ് വരുത്തുമ്പോഴാണ് വിദ്യാഭ്യാസം നീതിയിൽ പുലരുകയെന്ന് എസ് എസ് എഫ് ആവശ്യപ്പെട്ടു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങൾക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ നേതൃത്വം നൽകി.