Art & Culture

ഇനി സോഷ്യൽ മീഡിയയിലല്ല വെള്ളിത്തിരയിൽ; തെലുങ്കിൽ ചിത്രമൊരുക്കാൻ കാർത്തിക് ശങ്കർ


ഷോര്‍ട്ട് ഫിലിമുകളിലൂടെയും വെബ്‌ സീരീസുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ കാര്‍ത്തിക് ശങ്കര്‍ തെലുങ്കിൽ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നു. നൂറ്റിനാല്‍പ്പതിനുമേല്‍ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള തെലുങ്ക് ഇതിഹാസ സംവിധായകന്‍ കോടി രാമകൃഷ്ണയുടെ ബാനറില്‍ മകള്‍ കോടി ദിവ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത് ആദ്യമായാണ്‌ ഒരു മലയാളി തന്റെ ആദ്യ സംവിധാന സംരംഭം തെലുങ്കില്‍ നിര്‍വ്വഹിക്കുന്നത്.

ചിത്രത്തിന്റെ പൂജ  ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച് നടന്നു. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം ആണ് നായകന്‍. കന്നഡ നടി സഞ്ജന ആനന്ദ് ആണ് നായിക.”ഞാൻ മലയാളത്തിൽ ഒരു സിനിമ ചെയ്യാനുള്ള ചർച്ചകളിലായിരുന്നു. അപ്പോഴാണ് എന്റെ വർക്ക് കണ്ടശേഷം ഈ ചിത്രത്തിന്റെ ടീം എന്നെ സമീപിച്ചത്. അക്കാരണം കൊണ്ട് ആദ്യ സിനിമ തെലുങ്കിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മലയാളത്തിൽ ചെയ്യാൻ വച്ചിരുന്ന വിഷയം തെലുങ്ക് സിനിമയ്ക്ക് വേണ്ടി എടുക്കുകയും ചെയ്‌തു,” കാർത്തിക് ശങ്കർ പറഞ്ഞു.

ഇന്ത്യയിലെ തന്നെ മുൻനിര സംഗീത സംവിധായകരില്‍ ഒരാളായ മണി ശര്‍മ്മ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം നവംബർ ആദ്യവാരം തുടങ്ങും. അല്ലു അരവിന്ദ് മുഖ്യാതിഥിയായ വേളയിൽ കെ. രാഘവേന്ദ്ര റാവു ആദ്യ ഷോട്ട് സംവിധാനം നിർവഹിച്ചു. എ.എം. രത്നം ആണ് ക്യാമറ സ്വിച്ച്‌ ഓൺ ചെയ്തത്. രാമേശ്വരലിംഗ റാവു ആദ്യ ക്ലാപ് അടിച്ചു.


Reporter
the authorReporter

Leave a Reply