പ്ലസ് വൺ – പ്രഖ്യാപനങ്ങൾ നടപ്പിലാവും വരെ സമര രംഗത്തുണ്ടാവും: എസ്ഡിപിഐ
കോഴിക്കോട്: ഉപരി പഠനത്തിന് അർഹത നേടിയ പ്ലസ് വൺ ഡിഗ്രി വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഉറപ്പു വരുത്തണമെന്ന് എസ്ഡിപിഐ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയിൽ നിർദ്ദേശിച്ച വഴികൾ ശാസ്ത്രീയമല്ല. ഇനിയും സീറ്റുകൾ വർദ്ധിപ്പിക്കുന്നത് നിലവിലെ ക്ലാസ്സ് റൂമുകളേയും പഠന സംവിധാനങ്ങളേയും കാര്യമായി ബാധിക്കും. തെക്കൻ കേരളത്തിൽ 30 കുട്ടികൾക്ക് ഒരു ക്ലാസ്സ് റൂം ലഭിക്കുമ്പോൾ വടക്കൻ കേരളത്തിൽ 65 കുട്ടികൾ പഠിക്കണം. 40 കുട്ടികൾക്ക് പഠിക്കാനുള്ള സംവിധാനം 65 കുട്ടികൾക്ക് നൽകുമ്പോൾ പഠനം ഗുണപ്രദമാവില്ല. റിസൾട്ട് വന്ന ഉടൻ സീറ്റുകൾ ബാക്കിയുണ്ടെന്ന് പറഞ്ഞ മന്ത്രി ഇപ്പോൾ കുറവുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ്. ഇപ്പോൾ പ്രഖ്യാപിച്ച തീരുമാനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. അടുത്ത വർഷം വീണ്ടും മുറവിളി കൂട്ടണം .
നിലവിലുള്ള ഹൈസ്ക്കൂളുകൾ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യുക , പുതിയ സ്ക്കൂളുകളും , ബാച്ചുകളും അനുവദിക്കുക, പ്ലസ് വൺ ക്ലാസ്സുകൾ 40 കുട്ടികൾക്ക് അനുവദിക്കുക, പ്ലസ്ടു കഴിഞ്ഞ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിഗ്രി സീറ്റുകൾ ഉറപ്പു വരുത്തുക, മലബാറിൻറെ സമഗ്ര വികസനത്തിന് സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു എസ്.ഡി.പി.ഐ സമരം ശക്തമാക്കും.
പ്രഖ്യാപനങ്ങൾ നടപ്പിലാവും വരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. സർക്കാർ അവഗണനക്കെതിരെ ഒക്ടോബർ 27 ന് ജില്ലയിലെ 250 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. മണ്ഡലം തലങ്ങളിൽ ബഹുമുഖ പ്രതിഷേധങ്ങളും സംഘടിപ്പിക്കും
വാർത്താ സമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി, ജില്ല സെക്രട്ടറി കെ.ഷമീർ , കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡൻറ് കെ.പി ജാഫർ എന്നിവരും പങ്കെടുത്തു