കോഴിക്കോട് : ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിക്ക് കക്കോടി ബ്രാഞ്ചാശ്രമത്തില്‍ വന്‍വരവേല്‍പ്പ് നല്‍കി. സുല്‍ത്താന്‍ ബത്തേരി ആശ്രമത്തിലെ പ്രതിഷ്ഠാപൂര്‍ത്തീകരണത്തിനു ശേഷം ‘വിശ്വജ്ഞാനമന്ദിരം‘ സമര്‍പ്പണം ചടങ്ങുകള്‍ക്കായെത്തിയ ശിഷ്യപൂജിതയെ കക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൈതമോളി മോഹനന്‍, കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ യു.പി.സോമനാഥന്‍, വാര്‍ഡംഗം എന്‍. കെ. ഉപശ്ലോകന്‍, ഗിരീഷ് കുമാര്‍. ഇ.എം, പി.നിഷ പിലാക്കാട്ട്, അജിത. എന്‍ തുടങ്ങിയ ജനപ്രതിനിധികളും സന്ന്യാസി സന്ന്യാസിനിമാരും നാട്ടുകാരും ഭക്തരും ചേര്‍ന്ന് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു.
ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ ഉള്‍പ്പെടെയുള്ള സന്യാസി സന്യാസിനിമാരും ഭക്തരും ചേര്‍ന്ന നൂറിലധികം പേരുളള തീര്‍ഥാടനസംഘത്തിന്റെ അകമ്പടിയോടെയാണ് ശിഷ്യപൂജിത കക്കോടിയില്‍ എത്തിച്ചേര്‍ന്നത്. ആശ്രമകവാടത്തില്‍ പുഷ്പധൂപതാലമേന്തിയ അമ്മമാരും താമരപൂക്കളുമായി കൊച്ചുകുട്ടികളും അണിനിരന്നു. ശിങ്കാളിമേളം വരവേല്‍പ്പിന് മിഴിവേകി. പഞ്ചവാദ്യഘോഷങ്ങളോടെ തീര്‍ത്ഥയാത്ര ആശ്രമസമുച്ചയത്തില്‍ കടന്നതോടെ ആശ്രമം അഖണ്ഡനാമജപത്താല്‍ മുഖരിതമായി. ഗുരുവിന്റെ തീര്‍ത്ഥയാത്ര സ്മരണകള്‍ ഉണര്‍ത്തുന്നതായിരുന്നു ശിഷ്യപൂജിതയ്ക്ക് നല്‍കിയ വരവേല്‍പ്പ്.
കക്കോടിയിലേക്കുളള യാത്രാമധ്യേ ജില്ലാ അതിര്‍ത്തിയായ അടിവാരത്തും പറമ്പില്‍ ബസാറിലും നാട്ടുകാരും വിവിധ റസിഡന്‍സ് അസോസിയേഷനുകളും സ്വീകരണം നല്‍കി.
ആശ്രമത്തിലെത്തിയ ശിഷ്യപൂജിത ദര്‍ശനമന്ദിരത്തില്‍ വിശ്രമിച്ചു. ഇന്ന് (ഏപ്രില്‍ 8 ശനി) ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. ഏപ്രില്‍ 9 ന് രാവിലെ വിശ്വജ്ഞാനമന്ദിരത്തില്‍ തിരിതെളിയിക്കും. അകത്തളത്തിലെ മണ്ഡപത്തില്‍ നവജ്യോതിശ്രീകരുണാകരുവിന്റെ എണ്ണച്ചായചിത്രം പ്രതിഷ്ഠിക്കും.
അന്നേദിവസം നടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ മന്ത്രിമാര്‍, എം.പി.മാര്‍, എം. എല്‍.എ മാര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹിക ആദ്ധ്യത്മിക കലാ സംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. 10 നാണ് വിശ്വജ്ഞാനമന്ദിരം നാടിന് സമര്‍പ്പിക്കപ്പെടുന്നത്.