Wednesday, December 4, 2024
GeneralLatest

കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രത്തിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികൾ റെസ്ക്യൂ ഹോമിലേക്ക്


കോഴിക്കോട്: വെള്ളിയാഴ്ച പൊലീസ് റെയ്ഡ് ചെയ്ത കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേർ പെൺവാണിഭ സംഘത്തില്‍ അകപ്പെട്ട ഇരകളാണെന്നും, ഇവരെ റെസ്ക്യൂ ഹോമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. ഇതില്‍ ഒരാൾ കൊല്‍ക്കത്ത സ്വദേശിനിയും ഒരാൾ കോഴിക്കോട് സ്വദേശിനിയുമാണ്. പരിശോധനക്കിടെ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടവർക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഈ അനാശാസ്യകേന്ദ്രം നടത്തിയത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി കെ നസീറും ച‍േർന്നാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവരുടെ സഹായി കൊല്ലം സ്വദേശി വിനോദ് രാജ്, കേന്ദ്രത്തിലെത്തിയ ഫറോക്ക് സ്വദേശി അന്‍വർ, താമരശ്ശേരി സ്വദേശി സിറാജുദീന്‍ എന്നിവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബലമായി തടങ്കലില്‍വെച്ചതും അനാശാസ്യ പ്രവർത്തനം നടത്തിയതും അടക്കമുളള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്. ഒരു കാറും പോലീസ് കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടവരില്‍ ഒരാൾ സംഘത്തിന്‍റെ ഏജന്‍റാണെന്നും ഇയാൾക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് അനാശാസ്യ കേന്ദ്രം പിടികൂടുന്നത്.

വെള്ളിയാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് യുവതികളും നാല് യുവാക്കളുമാണ് പിടിയിലായത്. നാട്ടുകാരാണ് വീട് വള‌ഞ്ഞ് പോലീസിനെ വിളിച്ചുവരുത്തിയത്. പരിശോധനക്കിടെ യുവതികളടക്കം നാലുപേർ വീട്ടില്‍നിന്നും ഓടി രക്ഷപ്പെട്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് 7 പേരെ പിടികൂടിയത്. ഫോറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു.

നേരത്തേ കോഴിക്കോട് കുതിരവട്ടത്ത് ബ്യൂട്ടി ക്ലിനിക്കിന്‍റെ മറവിൽ പ്രവർത്തിച്ച അനാശാസ്യകേന്ദ്രവും പൊലീസ് റെയ്ഡ് നടത്തി പൂട്ടിച്ചിരുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന നാച്വർ വെല്‍നസ് സ്പാ ആന്‍ഡ് ബ്യൂട്ടി ക്ലിനിക്കിലാണ് അനാശാസ്യപ്രവർത്തനങ്ങൾ നടന്നിരുന്നത്. മസാജിങ്ങിന്‍റെ മറവിലാണ് സ്ഥാപനത്തില്‍ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പരിശോധന നടക്കുമ്പോൾ സ്ഥാപനത്തിനകത്തുണ്ടായിരുന്ന ആലപ്പുഴ, വയനാട്, പാലക്കാട് സ്വദേശികളായ മൂന്ന് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. സ്ഥാപനത്തിന്‍റെ മാനേജരും വയനാട് സ്വദേശിയുമായ വിഷ്ണു, മലപ്പുറം സ്വദേശി മഹറൂഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്ഥാപനത്തിന് കോർപ്പറേഷന്‍റെ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ മെഡിക്കല്‍ കോളേജ് സിഐ പറഞ്ഞു. ജനവാസ മേഖലയില്‍ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നേരത്തെയും നാട്ടുകാർ പരാതി നല്‍കിയിരുന്നു.


Reporter
the authorReporter

Leave a Reply