Monday, October 14, 2024
Local News

ബഹുഭാഷ പഠനം പ്രൈമറി പാഠ്യ പദ്ധ്യതയില്‍ ഉള്‍പ്പെടുത്തണം: എം.കെ. രാഘവന്‍ എം.പി. സര്‍ഗ്ഗവസന്തം ജില്ലാ തല മത്സരങ്ങള്‍ സമാപിച്ചു


കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത ഭാഷകള്‍ പ്രൈമറി തലം മുതല്‍ക്കുള്ള പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എം.കെ. രാഘവന്‍ എം.പി. വിസ്ഡം സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിച്ച ജില്ലാതല മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറുന്ന കാലത്ത് ലോകത്തിന്റെ വ്യത്യസ്ത രാഷ്ട്രങ്ങളിലേക്ക് പഠന – ജോലി ആവശ്യാര്‍ത്ഥം പോകേണ്ട സ്ഥിതിയുണ്ടിന്ന്. അവിടങ്ങളിലെല്ലാം ആശയ വിനിമയത്തിനാവശ്യമായ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണം. ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ പുലര്‍ത്തുമ്പോഴും മികച്ച നിലയില്‍ ആശയവിനിമയം നടത്തുക എന്നത് പ്രധാനമാണ്. അതിന്ന് ഭാഷകള്‍ അറിയുക എന്നതാണ് അടിസ്ഥാനം. അപ്രകാരം ഇക്കാര്യം മുഖവിലക്കെടുത്ത് പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.

വിദ്യാര്‍ത്ഥികളിലെ വര്‍ധിച്ചു വരുന്ന ഓണ്‍ലൈന്‍ അഡിക്ഷനുകളില്‍ നിന്നും മോചിപ്പിക്കാനുള്ള പ്രധാന ഉപാധികളില്‍ ഒന്നാണ്് അവരിലെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നത്. അതിനായുള്ള ശ്രമങ്ങള്‍ തുടരണം.

നൈസര്‍ഗിക മേഖലയില്‍ മികവ് തെളിയിക്കുന്നവരെയും നിര്‍ബന്ധ പൂര്‍വ്വം പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് വലിച്ചിഴക്കുന്ന കാഴ്ചപ്പാടില്‍ നിന്ന് രക്ഷിതാക്കളും പൊതുസമൂഹവും മാറി ചിന്തിക്കണം. കുട്ടികളുടെ നൈസര്‍ഗിക കഴിവുകളെ കണ്ടെത്തി അവ പരിഭോഷിപ്പിക്കനാവശ്യമായ അന്തരീക്ഷം ഒരുക്കി നല്‍കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ഗ്ഗവസന്തം കോഴിക്കോട് സൗത്ത് ജില്ല സ്വാഗതസംഘം ചെയര്‍മാന്‍ വി.ടി. ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിസ്ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് കല്ലായി, വിസ്ഡം യൂത്ത് ജില്ലാ ട്രഷറര്‍ റഷീദ് പാലത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.വി. സഫുവാന്‍ ബറാമി അല്‍ഹികമി, ജില്ലാ ഭാരവാഹികളായ അബ്ദുറഹ്‌മാന്‍ കല്ലായി, ഫൈസല്‍ മാങ്കാവ്, റഷീദ് അത്തോളി, സുഹൈല്‍ കല്ലായി, യാസീന്‍ ബേപ്പൂര്‍, ഷാബിന്‍ പാലത്ത്, ജസീല്‍ കൊടിയത്തൂര്‍, ഫവാസ് മാവൂര്‍, ഫവാസ് കുനിയില്‍, ഫുഹാദ് അത്തോളി, മുഹമ്മദ് ഫത്തിന്‍ സി.പി., സയ്യിദ് ഹംറാസ്, സഫീര്‍ കൊടിയത്തൂര്‍, റുഫൈദ് അത്തോളി, സഹല്‍ ആദം, സൈന്‍ കുറ്റിച്ചിറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

6 വിഭാഗങ്ങളിലായി 60 ല്‍ പരം മത്സരങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയാക്കി. എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ സംസ്ഥാന തലത്തില്‍ മാറ്റുരക്കും.

 


Reporter
the authorReporter

Leave a Reply