രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കമ്യൂണിസത്തിനെതിരായ പ്രമേയം സമസ്തയുടെ ഔദ്യോഗിക അഭിപ്രായമല്ലെന്ന നിലപാടിൽ ഉറച്ച് നിന്ന അദ്ദേഹം സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാനാകില്ലെന്നും പറഞ്ഞു. സമസ്തയുടെ നിലപാട് പറയുന്നതും പ്രസിഡന്റും സെക്രട്ടറിയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമേയ വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ഒരു രാഷ്ട്രീയക്കാർക്കും ബുദ്ധിമുട്ടില്ലാതെ സമസ്ത തുടരുന്ന നിലപാടാണ് താൻ വ്യക്തമാക്കിയത്. പ്രമേയവുമായി ബന്ധപ്പെട്ട തന്റെ നിലപാട് പിന്നീട് പറയാം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി. ആത്മീയത ഉണ്ടാക്കലാണ് ലക്ഷ്യം. അതിലൂന്നിയുള്ള പ്രവർത്തനമാണ് സമസ്ത നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ കാഴ്ചപ്പാട്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് ഇപ്പോൾ ചർച്ച നടക്കുന്നുണ്ടല്ലോ. അതും സ്വാഭാവികമാണ്, പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ നിലപാട്. രാഷ്ട്രീയവും അതേപോലെ തന്നെയാണ്. കുട്ടികളെ അത് പഠിപ്പിക്കേണ്ടതില്ല. അവർക്ക് പല സാധ്യതകളുമുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.