ശബരിമല: വിളക്ക് വെച്ചും നെല്‍പ്പറ നിറച്ചും അയ്യപ്പനെ എഴുന്നള്ളത്തിന് വിളിച്ച് ശബരിമലയിലെ മരപ്പാണികൊട്ടല്‍ ചടങ്ങ്. ശ്രീകോവിലിന് മുമ്പില്‍ മേല്‍ശാന്തി വിളക്ക് വെച്ചതിന് ശേഷം നെല്‍പ്പറ നിറച്ചു വയ്ക്കും. തുടര്‍ന്ന് തന്ത്രിയോടും ക്ഷേത്രം മാനേജരോടും അനുവാദം വാങ്ങിയശേഷമാണ് പാണികൊട്ടല്‍ ചടങ്ങ് ആരംഭിക്കുക. പഞ്ചവാദ്യ ലാവണത്തിലെ ജീവനക്കാരനാണ് ശബരിമലയില്‍ പാണികൊട്ടല്‍ നടത്തുന്നത്. പാണി കൊട്ടുന്നതിലെ പരിചയ സമ്പത്തും കലാരംഗത്തെ മികവും പരിഗണിച്ചാണ്, രണ്ടു വര്‍ഷത്തെ കാലയളവില്‍ ദേവസ്വം ബോര്‍ഡ് പാണികൊട്ടുന്നവരെ നിയമിക്കുന്നത്. കീഴൂര്‍ മധുസൂദനകുറുപ്പിനെയാണ് ഇത്തവണ മരപ്പാണി കൊട്ടുന്നതിന് നിയോഗിച്ചിരിക്കുന്നത്. സഹായത്തിന് രണ്ടിലധികം പേരുമുണ്ടാകും.
മരം (വരിക്ക പ്ലാവിന്‍ കുറ്റിയില്‍ പശുവിന്റെ തോല്‍ കൊണ്ടു നിര്‍മിച്ച വാദ്യോപകരണം), ചേങ്ങില, ശംഖ് എന്നിവയാണ് ക്ഷേത്രാചാരങ്ങളില്‍ ഏറെ പ്രാധാന്യമുള്ള ചടങ്ങായ പാണികൊട്ടലിനായി ഉപയോഗിക്കുന്നത്. മരപ്പാണി, തിമിലപ്പാണി എന്നിങ്ങനെ പാണി രണ്ട് വിധമുണ്ട്. സഹസ്ര കലശം, നവീകരണ കലശം, കളഭാഭിഷേകം, ഉത്സവബലി തുടങ്ങിയ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് മുന്‍പായാണ് മരപ്പാണികൊട്ടല്‍ നടത്തുക. ഭൂതബലിക്കും ശ്രീബലിക്കും തിമിലപ്പാണി കൊട്ടും. വേഷവിധാനത്തിലും പ്രത്യേകതയുണ്ട്.