2021-ലെ കേരള പൊതുജനാരോഗ്യ ബില്ലിന്മേല്‍ വിവിധ തുറകളില്‍ നിന്നുള്ളവരുടെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്. ബില്ലിനേക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ആശങ്കകള്‍ വേണ്ടെന്നും മന്ത്രി കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുജനാരോഗ്യ ബില്‍ സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പു യോഗത്തില്‍ പറഞ്ഞു.
പകര്‍ച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിന് സംസ്ഥാനത്ത് മുഴുവന്‍ പ്രാബല്യമുള്ള നിയമം ആവശ്യമായതിനാലാണ് സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചത്. നിലവിലുള്ള നിയമങ്ങളില്‍ കാലോചിതമായ പരിഷ്‌കരണം ലക്ഷ്യമിട്ടുകൊണ്ടാണ് 2021-ലെ പൊതുജനാരോഗ്യ ബില്‍ രൂപപ്പെടുത്തിയിട്ടുള്ളത്. 1939-ലെ മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ട്, 1955-ലെ ട്രാവന്‍കൂര്‍-കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് എന്നിവയിലെ വ്യവസ്ഥകളും പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 15 അംഗ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലിലാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ബില്ലും വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യങ്ങളും നിയമസഭയുടെ www.niyamasabha.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലമോ ഇ-മെയിലായോ നിയമസഭാ സെക്രട്ടറിക്ക് അയക്കാം. ഇ മെയില്‍ – legislation@niyamasabha.nic.in .
യോഗത്തില്‍ ഉദ്യോഗസ്ഥര്‍, ആരോഗ്യ വിദഗ്ധര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്നിവരില്‍നിന്നും ബില്ലിലെ വ്യവസ്ഥകളിന്മേലുളള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു. ചീഫ് വിപ്പ് എ.എന്‍. ജയരാജ്, എം.എല്‍.എമാരായ ഇ.കെ വിജയന്‍, എ.സി മൊയ്തീന്‍, എ.പി അനില്‍കുമാര്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, നിയമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എം.കെ സാദിഖ്, നിയമസഭാ ജോയിന്റ് സെക്രട്ടറി പി. ഹരി, എ.ഡി.എം മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സന്നിഹിതരായി.