കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ വീട്ടിൽ പൊലീസ് പരിശോധന. രാവിലെ 11.45-ഓടെയാണ് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിൻ്റെ വീട്ടിലേക്ക് എത്തിയത്. എന്നാൽ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് മതിൽ ചാടി കടന്ന് വീട്ടുപറമ്പിലേക്ക് പ്രവേശിച്ചു. പിന്നീട് ദിലീപിൻ്റെ സഹോദരി സ്ഥലത്ത് എത്ത് ഉദ്യോഗസ്ഥര്‍ക്ക് വീട് തുറന്നു കൊടുത്തു. ഇതോടെ ഇരുപത് അംഗ ക്രൈംബ്രാഞ്ച് സംഘം അകത്ത് കയറി പരിശോധന തുടങ്ങി. കോടതിയുടെ അനുമതിയോടെയാണ് പരിശോധന എന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. പൊലീസുകാര്‍ക്കെതിരായ വധഭീഷണി കേസ് ക്രൈംബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്.
അന്വേഷണസംഘം ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലാണ് പൊലീസിൻ്റെ പരിശോധന എന്നാണ് വിവരം. ഈ കേസിൽ മുൻകൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു ഈ ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് ദിലീപിൻ്റെ വീട്ടിലെ പരിശോധന. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തൻ്റെ ചുമലിൽ കൈവച്ച പൊലീസുകാരനെ വധിക്കും മറ്റുള്ള ഉദ്യോഗസ്ഥരുടെ വീട്ടിൽ ലോറി കേറ്റും എന്നും ദിലീപ് പറഞ്ഞതായി സംവിധായകൻ ബാലചന്ദ്രകുമാര്‍ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന. കേസിൽ ബാലചന്ദ്രകുമാറിൻ്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങൾക്ക് ആധാരമായ തെളിവുകൾ തേടിയാണ് പരിശോധനയെന്നാണ് സൂചന.