പ്രശസ്ത കവി എസ്. രമേശൻ അന്തരിച്ചു. 69 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകള്‍, എസ്.രമേശന്‍റെ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. കവി, പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ, പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രസിദ്ധനാണ് എസ്. രമേശൻ. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവും എറണാകുളം പബ്ലിക് ലൈബ്രറിയുടെ അധ്യക്ഷനും കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ നിർവാഹക സമിതി അംഗവുമാണദ്ദേഹം. ആറു ശതാബ്ദത്തിലധികം കാലം പഴക്കമുള്ള ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായിരുന്നു. 1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലാണ് ജനനം. പള്ളിപ്രത്തുശ്ശേരി (വൈക്കം) സെന്‍റ് ജോസഫ് എൽ പി സ്കൂൾ, വൈക്കം ഗവണ്മെന്‍റ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്ക്കൂൾ വിദ്യാഭ്യാസം. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ പ്രീഡിഗ്രീ വിദ്യാഭ്യാസം. 1970 മുതൽ1975 വരെ എറണാകുളം മഹാരാജാസ് കോളേജിൽ ബി.എ, എം.എ പഠനം. ഈ കാലയളവിൽ രണ്ടു തവണ മഹാരാജാസ് കോളേജ് യൂണിയൻ ചെയർമാൻ ആയിരുന്നു. 1975 മുതൽ എറണാകുളം ഗവണ്‍മെന്‍റ് ലോ കോളേജിൽ നിയമ പഠനം. സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ ഇന്റർ സ്കൂൾ, ഇന്‍റര്‍ കോളെജിയറ്റ് , ഇന്റർ യൂണിവേഴ്സിറ്റി പ്രസംഗ മത്സരങ്ങളിൽ ജേതാവ്, മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ കവിതക്കുള്ള അംഗീകാരം. 1976ൽ വിവാഹം. എസ്.എൻ. കോളേജ് പ്രൊഫസർ ഡോ. ടി.പി. ലീലയാണ് ഭാര്യ. ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവരാണ് മക്കൾ. കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാർഡ് ((ഹേമന്തത്തിലെ പക്ഷി), ചെറുകാട് അവാര്‍ഡ്, കവിതക്കുള്ള 2018 ലെ ഫൊക്കാന പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.