കോഴിക്കോട്: കാടിനെയും കാട്ടിലെ ജീവിതത്തെയും നേരിട്ടറിയാന്‍ കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കാടറിവ് 2023 പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസഥിതി കൌണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് ദേശീയ ഹരിത സേനയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ആറളം വന്യജീവി സങ്കേതത്തിലേക്ക് നടത്തിയ ത്രിദിന പഠന ക്യാമ്പില്‍ ജില്ലയിലെ വിവിധ സ്കൂളുകളിലെ ഇക്കോ ക്ലബ്ബുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 41 വിദ്യാര്‍ത്ഥികളും 7 അധ്യാപകരും പങ്കെടുത്തു. ദേശീയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ പി. സിദ്ധാര്‍ത്ഥന്‍, കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കോ-കോര്‍ഡിനേറ്റര്‍ രമേഷ് ബാബു പി. എന്നിവര്‍ യാത്രയ്ക്ക് നേതൃതം നല്‍കി.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.എ. ജോണ്‍സണ്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
കാട്ടിലെ ജൈവൈവിധ്യം നേരിട്ടറിയാന്‍ സാധിച്ചതിനുപുറമെ ഇന്ത്യയിലെയും കേരളത്തിലെയും വിവിധ വന്യജീവി സങ്കേതങ്ങള്‍, മൃഗങ്ങള്‍, വൃക്ഷങ്ങള്‍, പാമ്പുകള്‍, പക്ഷികള്‍, പുഴകള്‍ തുടങ്ങിയവയെക്കുറിച്ച് ക്ലാസ്സുകളും നല്‍കി. വനം വകുപ്പ് ഉദ്യോഗസ്ഥനായ സുശാന്ത്, മാര്‍ക് സെക്രട്ടറി റിയാസ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.