കോഴിക്കോട്: മാനവികതയുടെ ഉദാത്തമായ മാതൃക സൃഷ്ടിച്ച പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെ നിഷ്പക്ഷവായനയ്ക്ക് വിധേയമാക്കിയാൽ നബിനിന്ദകരുടെ അജണ്ടകളെ തിരിച്ചറിയാനാകുമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി ‘മുഹമ്മദ് നബിയെ കല്ലെറിയുന്നവർ കാണാതെ പോയത്’ എന്ന പ്രമേയത്തിൽ സംഘടിപിച്ച പഠന സെമിനാർ അഭിപ്രായപെട്ടു.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റ മറവിൽ പ്രവാചകനെ നിന്ദിക്കുകയും ഭൽസിക്കുകയും ചെയ്യുന്ന അരാചകവാദികളെ കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കണം. നബിനിന്ദക്കെതിരെ ജനാധിപത്യമാർഗ്ഗത്തിലൂടെ പ്രതിഷേധിച്ചവരെ പീഡിപ്പിക്കുന്ന അധികാരികൾ അധിനിവേശ ശക്തികളുടെ പിൻഗാമികളും പാദസേവകരുമാണ്.
പ്രതിഷേധങ്ങളെ വഴിതിരിച്ച് വിട്ട് സമുദായത്തെ വൈകാരികതകളിൽ തളച്ചിടാൻ ശ്രമിക്കുന്ന മുതലെടുപ്പ് രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും വിസ്ഡം യൂത്ത് സെമിനാർ അഭിപ്രായപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി സെമിനാർ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. ഹാരിസ് മദനി അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പി സുരേന്ദ്രൻ മുഖ്യാഥിതിയായിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മിസ്അബ് കീഴരിയൂർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എന്നിവർ പ്രസംഗിച്ചു. ‘നന്മയുടെ ദൂതൻ’ ഡെയ്ലി ക്വിസ് വിസ്ഡം ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ് പ്രകാശനം ചെയ്തു.
നബി വിമർശനത്തിന്റ വികാസ പരിണാമങ്ങൾ, പ്രവാചകനിന്ദ ആരെയാണ് പ്രകോപിതരാക്കുന്നത് ?, നൻമയുടെ ദൂതൻ, വിമർശനത്തിന്റയും നിന്ദയുടേയും അതിരടയാളങ്ങൾ, അവർക്ക് ചതുർഥി പ്രവാചക നോട് മാത്രം, നബിനിന്ദയുടെ ബാക്കിപത്രം, വിമർശകരുടെ സെൽഫ് ഗോളുകൾ എന്നീ വിഷയങ്ങളിൽ യഥാക്രമം സി.പി. സലീം, കെ. താജുദ്ധീൻ സ്വലാഹി, ഡോ. സി.പി. അബ്ദുല്ല ബാസിൽ, മുഹമ്മദ് അജ്മൽ സി പ്രബന്ധങ്ങളവതരിപിച്ചു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികളായ മുജീബ് ഒട്ടുമ്മൽ, അബ്ദുല്ല ഫാസിൽ, ഒ. മുഹമ്മദ് അൻവർ, പി.വി. അനിൽപ്രിംറോസ്, യു. മുഹമ്മദ് മദനി, ജംഷീർ സ്വലാഹി, ഡോ. ഫസലുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.