GeneralLatestLocal News

എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് അന്തരിച്ചു


കോഴിക്കോട്: അനശ്വര സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് അന്തരിച്ചു. കൊണ്ടോട്ടി തുറക്കലിലെ വീട്ടിലാണ് അന്ത്യം.82 വയസായിരുന്നു.  നാളെ രാവിലെ 8 മണിയോടെ തുറക്കലിൽ നിന്ന് മൃതദേഹം കോഴിക്കോട് മാത്തോട്ടത്തേക്ക് കൊണ്ടുവരും.

സംസ്കാരം രാവിലെ ഒൻപതിന് മാത്തോട്ടം ജുമ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും. ബാബുരാജിന്റെ ഖബറിടവും ഇവിടെയാണ്. ഒരു വർഷമായി പക്ഷാഘാതത്തെ തുടർന്ന് ബിച്ച ബാബുരാജ് ചികിത്സയിലായിരുന്നു.

കല്ലായി കുണ്ടുങ്ങല്‍ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളാണ്. 1956-ലാണ് ബാബുരാജിനെ വിവാഹം കഴിക്കുന്നത്. മാസ്മരിക സംഗീതം കേട്ടും താലോലിച്ചും കൂടെ ജീവിച്ച് കൊതിതീരുംമുമ്പേ അദ്ദേഹം വിടപറഞ്ഞു. പ്രിയതമന്റെ ഓർമകളിലായിരുന്നു പിന്നീട് ജീവിതം. സംഗീതത്തിലും പ്രാർഥനയിലും മുഴുകി.  ബാബുരാജിനെ കുറിച്ചുള്ള ബിച്ചയുടെ ഓര്‍മകളിലൂടെ പി. സക്കീര്‍ ഹുസൈന്‍ എഴുതിയ പുസ്തകം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുള്‍ ജബ്ബാര്‍, ഷംഷാദ്‌, സുല്‍ഫീക്കര്‍,  റോസിന , ഫര്‍ഹാദ്, ഷംന എന്നിവരാണ് മക്കൾ. മരുമക്കള്‍: ഇബ്രാഹിം കൊണ്ടോട്ടി, ഹൈദര്‍ അലി, മാമുക്കോയ, റുക്‌സ, അബ്ദു, സായിറ, അസീസ്, നിഷ, സുല്‍ഫീക്കര്‍.


Reporter
the authorReporter

Leave a Reply