GeneralLatest

കായികമേഖലയ്ക്ക് ഉണര്‍വ് പകരാന്‍ കൂടുതല്‍ കായിക മേളകള്‍; മന്ത്രി പി.എ. മുഹമ്മദ് റിയാസ്


കേരള ഗെയിംസ് ഫോട്ടോ വണ്ടി ഫ്ളാഗ് ഓഫ് ചെയ്തു.

കോഴിക്കോട്: കേരള ഒളിമ്പിക് അസോസിയേഷന്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായ കേരള ഗെയിംസ് ഫോട്ടോ വണ്ടി പര്യടനം തുടങ്ങി. കോഴിക്കോട് പയ്യോളി ബസ് സ്റ്റാന്റില്‍ വച്ച് നടന്ന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫോട്ടോ വണ്ടിയുടെ പ്രദര്‍ശനോദ്ഘാടനം ഫ്ളാഗ് ഓഫ് ചെയ്തു. കേരള കായിക ചരിത്രത്തില്‍ അടയാളപ്പെടുത്തിയ കായിക താരങ്ങളുടെ വേറിട്ട പോരാട്ടങ്ങളെ ഓര്‍മിപ്പിക്കുന്നതിന് ഈ യാത്ര സഹായകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പുതിയ കായിക താരങ്ങളെ വാര്‍ത്തെടുത്ത് കായിക മേഖലയ്‌ക്കൊരു പുത്തന്‍ ഉണര്‍വ്വ് നല്‍കാനാണ് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രഥമ കേരള ഗെയിംസ്- 2022 സംഘടിപ്പിക്കുന്നത്. മെയ് ഒന്നു മുതല്‍ 10 വരെ തലസ്ഥാനത്തെ ഉള്‍പ്പടെ പ്രമുഖ വേദികളിലായി പതിനായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുന്ന 24 ഇന മത്സരങ്ങളാണ് നടക്കുന്നത്. ആദ്യമായാണ് അന്താരാഷ്ട്ര ഒളിമ്പിക്സിന്റെ മാതൃകയില്‍ ഒരു കായിക മേള സംഘടിപ്പിക്കുന്നത്. കായികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഇത്തരം കായികമേളകള്‍ സംഘടിപ്പിക്കും. കായികോത്സവ വിളബരംത്തിനും കായിക ചരിത്ര അവബോധം ജനങ്ങളില്‍ എത്തിക്കാനും ഈ യാത്ര സഹായകരമാകുമെന്നത് ഉറപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണി സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യന്‍ പി ടി ഉഷ, കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല, കോഴിക്കോട് ജില്ലാ ഒളിപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ടി. ജോസഫ്, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി. സത്യന്‍, പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ വടക്കേയില്‍ ഷഫീക്, കമാൽ വരദൂർ എന്നിവരും മറ്റു പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പയ്യോളിയില്‍ നിന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച പര്യടനം 13 ദിവസം കൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് ഏപ്രില്‍ 28ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള കായിക രംഗത്തിന്റെ കുലപതി ജി.വി. രാജയുടെ ചിത്രം മുതല്‍, രാജ്യത്തിന് കേരളം സംഭാവന ചെയ്ത ഏക്കാലത്തെയും മികവുറ്റ താരം ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ചിത്രമടക്കം സംസ്ഥാനത്തിന്റെ കായിക ഭൂപടത്തില്‍ ഒഴിച്ചു നിറുത്താന്‍ കഴിയാത്ത ഒരു പിടി താരങ്ങളുടെ അപൂര്‍വ്വ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കായികതാരങ്ങളുടെയും കായികയിനങ്ങളുടെയും മികവുറ്റ ചിത്രങ്ങള്‍ പകര്‍ത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാരുടെ അവിസ്മരണീയ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രദര്‍ശന പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.


Reporter
the authorReporter

Leave a Reply