Monday, November 4, 2024
Latest

മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പൗരന്മാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ


കോഴിക്കോട്:മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ പൗരന്മാർ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായി സ്വയം മുന്നോട്ടുവരണമെന്നും
വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയോടുള്ള കൂറും ആദരവും പുലർത്തുക എന്നതാണ് പൗരധർമ്മമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ഹൃദയത്തിൽ ആത്മാഭിമാനവും ആവേശവും നിറച്ച നിരവധി രക്തസാക്ഷികളും ലോക നേതാക്കളും നമ്മുടെ രാഷ്ട്രത്തെ ഇന്നത്തെ നിലയിൽ എത്തിക്കാൻ ശ്രമിച്ചവരാണ്. വിദേശ ആധിപത്യത്തിനെതിരെ മാതൃകാപരമായ മുന്നേറ്റത്തിലൂടെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം പിടിച്ച മുൻ തലമുറകൾ ത്യാഗോജ്വലമായ വഴികളിലൂടെയാണ് സഞ്ചരിച്ചത്. ഇവരിലൂടെ അഭിമാനകരമായ ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ചുകൊണ്ട് ലോക ജനതയുടെ മുമ്പിൽ രാജ്യം തലയുയർത്തി നിൽക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇതിഹാസങ്ങളും പുരാണങ്ങളും മതഗ്രന്ഥങ്ങളും ഉൾകൊള്ളുന്ന മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. ഈ പാരമ്പര്യത്തെയും മൂല്യങ്ങളെയും കാത്തുസൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി പൊരുതി വീരമൃത്യു വരിച്ച ധീര രക്തസാക്ഷികളെ മന്ത്രി അനുസ്മരിച്ചു.

ആരോഗ്യം വിദ്യാഭ്യാസം വ്യവസായം തുടങ്ങി അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കേരളം ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ള ഈ നേട്ടങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

പോലീസ്,ഫയർഫോഴ്‌സ്,ഫോറസ്റ്റ്, എൻ സി സി, എൻ.എസ്‌.എസ്‌, എസ്‌.പി.സി ഉൾപ്പെടെ 27 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുത്തു. സിറ്റി പോലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സ് മികച്ച പരേഡിനുള്ള ട്രോഫി മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. ജിഎച്ച്എസ്എസ് മാവൂർ വിദ്യാർത്ഥികളുടെ മികച്ച പരേഡിനുള്ള അവാർഡും ഏറ്റുവാങ്ങി. പരേഡിൽ പങ്കെടുത്ത മുഴുവൻ പ്ലാറ്റൂണുകൾക്കും മന്ത്രി ട്രോഫി സമ്മാനിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു. ആംഗ്ലോ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ ബാൻഡ് മേളം അവതരിപ്പിച്ചു.

ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്,തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ജില്ലാ കലക്ടർ ഇൻ ചാർജ് എഡിഎം സി.മുഹമ്മദ്‌ റഫീഖ്, കോഴിക്കോട് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ആർ കറുപ്പുസ്വാമി, സ്വാതന്ത്രസമര സേനാനികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വകുപ്പുതല ഉദ്യോഗസ്ഥർ,തുടങ്ങിയവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply