നീലഗിരി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ററർ തകർന്ന് വീണ് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ ഗുരുതര പരിക്കുകളോടെ ബിപിൻ റാവത്ത് ചികിത്സയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
ബ്രിഗേഡിയർ എൽ.എസ്.ലിഡർ, ലെഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിംഗ്, നായിക്‌മാരായ ഗുരുസേവക് സിംഗ്, ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായി തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഊട്ടി കുന്നൂരിനു സമീപമാണ് ബുധനാഴ്ച ഉച്ചയോടെ സൈനിക ഹെലികോപ്ക്ടർ തകർന്ന് വീണത്.
വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് പ്രഥാമിക നിഗമനം. വെല്ലിങ്ടൺ സ്റ്റാഫ് കോളജിലെ ചടങ്ങിൽ പങ്കെടുക്കാനായിരുന്നു യാത്ര.