കുറ്റ്യാടി: ടൗണിലെയും പരിസരങ്ങളിലെയും അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറം നിവേദനം നല്‍കി. പ്രശ്‌നം പരിഹരിക്കുന്നതിനായി കുറ്റ്യാടി ടൗണില്‍ ഡെഡിക്കേറ്റഡ് ഫീഡര്‍ സ്ഥാപിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നത് കുറ്റ്യാടി സെക്ഷന്‍ പരിധിയില്‍ പതിവായിരിക്കുകയാണ്. വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി ഏറ്റക്കുറച്ചിലുകളും ഉപഭോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. കെഎസ്ഇബി ജീവനക്കാര്‍ ഉപഭോക്താക്കളോടുള്ള പെരുമാറ്റത്തിലും കുലീനത പുലര്‍ത്തണമെന്ന് ഫോറം ആവശ്യപ്പെട്ടു. ഈയാവശ്യങ്ങള്‍ ഉന്നയിച്ച് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അബ്ദുല്‍ മനാഫ്, എഎക്‌സ്ഇ കെ. ബാബു എന്നിവര്‍ക്ക് എംഡിഎഫ് യൂണിറ്റ് പ്രസിഡന്റ് ജമാല്‍ പാറക്കല്‍, എന്‍.പി സക്കീര്‍, പി. പ്രമോദ് കുമാര്‍ എന്നിവര്‍ നിവേദനം നല്‍കി.