Friday, May 17, 2024
LatestTourism

പരീക്ഷണം വിജയം; മലപ്പുറം – മൂന്നാര്‍ ട്രിപ്പിന് ഹൈടെക്ക് ബസുകളെത്തും


മലപ്പുറം:കെ.എസ്.ആർ.ടി.സി  മലപ്പുറം  ഡിപ്പോയില്‍ നിന്ന് മൂന്നാറിലേക്ക്  വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ടൂര്‍ പാക്കേജ് നടപ്പിലാക്കിയത് വന്‍ ഹിറ്റായതോടെ ഹൈടെക്ക് ബസുകളെത്തിക്കാനൊരുക്കുന്നു. ഗരുഡ  ലക്ഷ്വറി ഹൈടെക്ക് ബസുകളാണ് ഉല്ലാസയാത്രക്കായി സജ്ജമാക്കാന്‍ പദ്ധതിയുള്ളത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം ഡിപ്പോയില്‍ നിന്നാരംഭിച്ച് രാത്രി 7.30ന് മൂന്നാറിലെത്തുന്ന തരത്തിലാണ് ഉല്ലാസയാത്ര ഒരുക്കിയത്. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തതോടെ പദ്ധതി വിപുലീകരിച്ചിരുന്നു.

ശക്തമായ മഴ മുന്നറിയിപ്പുണ്ടായിരുന്ന 21നൊഴികെ മറ്റെല്ലാ ദിവസങ്ങളിലും മലപ്പുറം ഡിപ്പോയില്‍ നിന്ന് മൂന്നാറിലേക്ക് സര്‍വീസ് നടത്തി. മിക്ക ദിവസങ്ങളിലും രണ്ട് ബസുകളാണ് സര്‍വീസ് നടത്തുന്നത്. മൂന്നാറിലെത്തുന്ന യാത്രാ സംഘത്തിന് രാത്രി ഡിപ്പോയിലെ സ്ലീപ്പര്‍ കോച്ചിലാണ് ഉറക്കം.

കെഎസ്ആര്‍ടിസി സൈറ്റ് സീയിംഗ് ബസില്‍ കറങ്ങി മൂന്നാറിലെ കാഴ്ചകള്‍ കണ്ടശേഷം പിറ്റേന്ന് വൈകുന്നേരം ആറിന് മലപ്പുറത്തേക്ക് മടങ്ങുന്ന രീതിയില്‍ സജ്ജീകരിച്ച യാത്രക്ക് മൂന്ന് പാക്കേജുകളാണുള്ളത്. സൂപ്പര്‍ഫാസ്റ്റ് ബസിന് ഒരാള്‍ക്ക് 1,000 രൂപയും ഡീലെക്സിന് 1,200ഉം എ.സി ലോ ഫ്ളോറിന് 1,500 രൂപയുമാണ് നിരക്ക്. താമസത്തിനുള്ള 100 രൂപ, സൈറ്റ് സീയിംഗ് ബസിനുള്ള 200 രൂപ അടക്കമാണിത്. പ്രവേശന ഫീസും ഭക്ഷണ ചെലവും യാത്രക്കാര്‍ വഹിക്കണം.

യാത്ര കഴിഞ്ഞെത്തിയവരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവച്ചതോടെ കൂടുതൽ പേർ ബുക്കിങ്ങിനായി ഡിപ്പോയിലേക്ക് വിളിക്കുന്നുണ്ട്.


Reporter
the authorReporter

Leave a Reply