കോഴിക്കോട്: സ്വര്‍ണ്ണ കള്ളക്കടത്ത് വിഷയത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ‘സ്വര്‍ണ്ണ ബിരിയാണി ദൃശ്യാവിഷ്‌കരണം’ ഒരുക്കി പ്രതിഷേധം. കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കേസില്‍ ആരോപണ വിധേയരായ സ്വപ്ന സുരേഷ്, ടി. കമല, വീണ പിണറായി, മുഹമ്മദ് റിയാസ്, കെ.ടി. ജലീല്‍, എം. ശിവശങ്കര്‍, കെ. സുധാകരന്‍ എന്നിവരുടെ മുഖം മൂടിയും ധരിച്ചാണ് പ്രവര്‍ത്തകര്‍ ദൃശ്യാവിഷ്‌ക്കാരണ ആക്ഷേപഹാസ്യത്തില്‍ അണിചേർന്നത്. രാഷ്ട്രീയ നേതാക്കളുടെയും സ്വപ്നയുടെയും ശബ്ദത്തോടൊപ്പം സിനിമയിലെ ഹാസ്യസംഭാഷണങ്ങളും പിന്നണിയേകി. ബിരിയാണിച്ചെമ്പും പ്രതീകാത്മക സ്വര്‍ണ്ണ ബിസ്‌ക്കറ്റുമായായിരുന്നു അവതരണം. കിഡ്‌സണ്‍ കോര്‍ണറില്‍ നടത്തിയ പുതുമയുള്ള ദൃശ്യാവിഷ്‌ക്കാര സമരം കാണികള്‍ക്ക് കൗതുകമായി.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ സജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുഖ്യമന്ത്രി ഇന്ന് സഞ്ചരിക്കുന്നത് ഏകാധിപതിയെ പോലെയാണെന്നും ഇത്രയും ഗുരുതര ആരോപണം നിയമപരമായി നേരിടുന്നതിന് പകരം കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊലിസിനെയും ഗുണ്ടകളെയും കാട്ടി സമരക്കാരെ പിന്തിരിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും മുഖ്യമന്ത്രിയുടെ രാജി കാണുന്നത് വരെ ശക്തമായ സമരം തെരുവില്‍ ഉണ്ടാകും. തെളിവുകള്‍ ഓരോന്നായി പുറത്ത് വരുമ്പോള്‍ ബലം പ്രയോഗിച്ച് ജനങ്ങളുടെ പ്രതിക്ഷേധത്തെ അടിച്ചമര്‍ത്തുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ തുടരുന്നത് അനുസരിച്ച് കേസിന്റെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഡ്വ. വി.കെ സജീവന്‍ ആരോപിച്ചു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് രമ്യ മുരളി അധ്യക്ഷയായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യാ ഹരിദാസ്, സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ.കെ. സുപ്രിയ, സി.കെ. ലീന, ജില്ലാ സെക്രട്ടറിമാരായ സോമിതാ ശശികുമാര്‍, ശ്രീജ സി.നായർ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. വിജയലക്ഷ്മി, ബി.ജെ.പി.ജില്ലാ സെക്രട്ടറി ബിന്ദുചാലില്‍, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡൻറുമാരായ ശോഭാ സുരേന്ദ്രന്‍, ശോഭാ സദാനന്ദന്‍, ബിന്ദു പ്രഭാകരന്‍, ബി.ജെ.പി.സംസ്ഥാന സമിതി അംഗം പി. രമണി ഭായ് നേതൃത്വം നല്‍കി.