മുഹമ്മദ് റഫിയുടെ തൊണ്ണൂറ്റിയെട്ടാം ജന്മദിനത്തിൽ കോഴിക്കോട് ബീച്ചിലാണ് സംഗീത വിരുന്ന് .
കോഴിക്കോട് : അനശ്വര ബോളിവുഡ് ഗായകൻ മുഹമ്മദ് റഫിയുടെ 98 ആം ജന്മദിനം അദ്ദേഹത്തിന്റെ ആരാധക കൂട്ടായമയായ മുഹമ്മദ് റഫി ഫൗണ്ടേഷൻ ആഘോഷിക്കാനൊരുങ്ങുന്നു. ഡിസംബർ 24 ന് വൈകുന്നേരം 6 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്വകയർ സ്റ്റേജിലാണ് റഫി നൈറ്റ് തയ്യാറെടുക്കുന്നത്.
മുംബെയിലെ പ്രശസ്ത റഫി ഫെയിം ഗായകൻ മുഹമ്മദ് സലാമത്തും ഗായിക സംഗീത മേലെക്കറും മുഖ്യ ആകർഷമാണ്.
20 ആം നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവുമധികം ആരാധകരുള്ള ഗായകനാണ് മുഹമ്മദ് റഫി .
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് കോഴിക്കോടാണ് എന്നത് മറ്റൊരു പ്രത്യേകത.
ഈ ആരാധക കൂട്ടായ്മയിൽ നിന്നാണ് 2007 ൽ മുഹമ്മദ് റഫി ഫൗണ്ടേഷൻ രൂപീകരിച്ചത്.
എല്ലാവർഷവും ഫൗണ്ടേഷൻ ജന്മദിന ആഘോഷവും ചരമദിനാചരണവും ഗാനാഞ്ജലിയായി നടത്തിവരുന്നു. കോർപ്പറേഷൻ അനുവദിച്ച 4 സെന്റ് ഭൂമിയിൽ റഫി മ്യൂസിയം നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഫൗണ്ടേഷൻ .
റഫിയ്ക്ക് ആരാധകർ ഏറെയുള്ള മലബാറിൽ റഫി ഗാനങ്ങൾ ഉൾപ്പെടുത്തിയ സംഗീത സായാഹ്നത്തിൽ പങ്കെടുക്കാൻ നിരവധി പേർ എത്തുമെന്നതിനാൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സംഘാടകരുടെ തീരുമാനം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
റഫി ഷോയ്ക്ക് മുന്നോടിയായി ലോഗോ പ്രകാശനം കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് നിർവ്വഹിച്ചു. മേയർ ഭവനിൽ നടന്ന ചടങ്ങിൽ
റഫി ഫൗണ്ടേഷൻ പ്രസിഡന്റ് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുർഷിദ് അഹമ്മദ്, വൈസ് പ്രസിഡന്റ് എൻ സി അബ്ദുല്ലക്കോയ , ട്രഷറർ കെ മുരളീധരൻ , മുൻ ജന. സെക്രട്ടറി കെ സുബൈർ, സെക്രട്ടറി മുഹമ്മദ് റഫി, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഷറഫ്, കെ മഖ്ബൂൽ തുടങ്ങിയവർ സന്നിഹിതരായി.