കോഴിക്കോട്: മലബാർ മേഖലയിലെ ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കട്ട് ഫോറം ഫോർ ഐടി (കാഫിറ്റ്) സംഘടിപ്പിക്കുന്ന കാഫിറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്‍റെ അഞ്ചാം പതിപ്പ് ഏറ്റെടുത്ത് കോഴിക്കോട്.
കോഴിക്കോടിൻ്റെ കളി ആസ്വദകരുടെ മനം കവർന്നാണ് കാഫിറ്റ് പ്രീമിയം ലീഗ് രണ്ടാം ദിനവും ക്രീസിൽ പൊടി പാറിച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച പ്രീമിയം ലീഗിൻ്റെ നോക്കൗട്ട് മത്സരങ്ങളാണ് ഇന്നലെ വരെ നടന്നത്. ഇന്നലെ പുലർച്ചെ നാല് വരെ നീണ്ട മത്സരങ്ങൾ കാണാൻ നിരവധിപേരാണ് ബീച്ചിൽ എത്തിയത്.
വനിതാ ടീമുകളുടെ മത്സരം അടക്കം കാണുന്നതിനായി ക്രിക്കറ്റ് ആസ്വാദകരുടെ നീണ്ട നിര തന്നെ ബീച്ചിൽ എത്തിയിരുന്നു. രാത്രി വൈകിയും നടന്ന കളി കാണുന്നതിനായി യുവാക്കൾ തടിച്ചു കൂടിയതോടെ കളിക്കാരുടെ ആവേശവും ഇരട്ടിച്ചു. വനിതകളുടെ 12 ടീമുകളടക്കം 50 ടീമുകളാണ് മത്സരത്തിലുള്ളത്.
കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30 മുതലാണ് കളി ആരംഭിക്കുന്നത്. രണ്ടു ദിവസമായി നടന്ന നോക്കൗട്ട് മത്സരങ്ങൾക്കൊടുവിൽ ഇന്ന് ഫൈനൽ മത്സരങ്ങൾ അരങ്ങേറും. കഴിഞ്ഞ ദിവസം
കോഴിക്കോട് ഗവ. സൈബർ പാർക്ക് സിഇഒ എം.എസ്. മാധവിക്കുട്ടി ഐഎഎസ് ആണ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തത്.
വിജയികള്‍ക്ക് കാഫിറ്റിന്‍റെ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് സമ്മാനമായി ലഭിക്കുക. ജീവനക്കാരുടെ ശാരീരിക – മാനസിക ഉല്ലാസത്തിനൊപ്പം മലബാറിലെ ഐടി മേഖലയുടെ വികസന പ്രചാരണം ലക്ഷ്യമിട്ടു കൂടിയാണ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നത്.