കോഴിക്കോട്: ആദിശങ്കരന്‍ സ്ഥാപിച്ച പുരി ഗോവര്‍ദ്ധന്‍മഠത്തിന്റെ അധിപന്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി അദ്ദേഹത്തിന്റെ ഭാരതപര്യടനത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തും. രാഷ്ട്രോത്കര്‍ഷ അഭിയാന്‍ യാത്ര എന്ന പേരില്‍ നടക്കുന്ന യാത്രയുടെ ഭാഗമായി അദ്ദേഹം 15,16 തീയതികളില്‍ കോഴിക്കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വേദോപനിഷത്തുക്കളിലും ഭാരതീയ ആധ്യാത്മിക ശാസ്ത്രവിജ്ഞാനത്തിലും അഗാധപാണ്ഡിത്യമുള്ള സന്ന്യാസിവര്യനാണ് സ്വാമി നിശ്ചലാനന്ദ സരസ്വതി. 14ന് വൈകിട്ട് 6.30ന് ട്രെയിന്‍മാര്‍ഗമെത്തുന്ന സ്വാമിജിക്ക് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ സംഘാടക സമിതി സ്വീകരണം നല്‍കും. 15ന് രാവിലെ 10.30ന് ശ്രീകണ്‌ഠേശ്വരം ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കുന്ന മഹാസംഗമത്തിലേക്ക് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം മേല്‍ശാന്തി ഷിബു ശാന്തിയുടെ നേതൃത്വത്തില്‍ സ്വാമിജിയെ വേദമന്ത്രങ്ങളുടെ അകമ്പടിയോടെ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ആധ്യാത്മികാചാര്യന്‍മാരും സാമുദായികസംഘടനാ നേതാക്കളും മഹാസംഗമത്തില്‍ പങ്കെടുക്കും. അന്ന് വൈകിട്ട് 5 മണിക്ക് ചാലപ്പുറം കേസരിഭവനിലെത്തുന്ന സ്വാമിജി സരസ്വതീമണ്ഡപത്തിലെ ആരതിക്കു ശേഷം പരമേശ്വരം ഹാളില്‍ നടക്കുന്ന സത്സംഗത്തില്‍ പങ്കെടുക്കും.
16ന് രാവിലെ 11 മണിക്ക് മാറാട് നടക്കുന്ന സത്സംഗത്തിലും സ്വാമിജി പങ്കെടുക്കും. പൂര്‍ണകുംഭം, താലപ്പൊലി എന്നിവയോടെ മറാട് നിവാസികള്‍ അദ്ദേഹത്തെ സ്വീകരിക്കും. മാറാട് ശ്രീകുറുംബ ഭഗവതി വേട്ടക്കൊരുമകന്‍ ക്ഷേത്രപരിസരത്ത് നടക്കുന്ന സത്സംഗത്തിന് ശേഷം അദ്ദേഹം കണ്ണൂരിലേക്ക് തിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി വിവേകാമൃതാനന്ദ പുരി, ചിന്മയാമിഷനിലെ സ്വാമി ജിതാത്മാനന്ദ സരസ്വതി, സംഘാടക സമിതി ചെയര്‍മാന്‍ എം.ടി. വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ എം. ജയരാജ് എന്നിവര്‍ പങ്കെടുത്തു.