കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ അനധികൃത നിര്‍മാണങ്ങളുടെയും ഇടപാടുകളുടെയും കാവല്‍ ഭരണകര്‍ത്താകളായി മാറിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍.
സ്പീക്കര്‍ എ.എന്‍. ഷംസീറിന്റ സഹോദരന്‍ എ.എന്‍. ഷാഹിര്‍ മാനേജിങ്ങ് ഡയറക്ടറായ കമ്പനി പാട്ടത്തിനെടുത്ത് അനധികൃത നിര്‍മാണം നടത്തിയതിന്‍റെ പേരില്‍ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയ കെട്ടിടത്തില്‍ വീണ്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് നിർമാണം തുടരാൻ കോര്‍പ്പറേഷന്‍ അനുമതി നൽകിയതെന്ന് ജനങ്ങളോട് വിശദീകരിക്കണം. തീരദേശ പരിപാലന നിയമം ലിംഘിച്ചുകൊണ്ട് നിര്‍മ്മിച്ച കെട്ടിടം നിസ്സാര വിലക്ക് പാട്ടത്തിനെടുത്താണ് അനധികൃത നിര്‍മ്മാണം നടത്തിയത്
ടെണ്ടര്‍ വിളിച്ച് രണ്ടര ലക്ഷം രൂപവരെ പ്രതിമാസ വാടക ലേലത്തുക പറഞ്ഞ കെട്ടിടത്തിന്‍റെ ടെണ്ടര്‍ റദ്ദുചെയ്തുകൊണ്ടാണ് കേവലം 65000 രുപ മാസവാടകക്ക് പത്ത് വര്‍ഷത്തേക്ക് പ്രദീപ് ആന്‍ഡ് പാര്‍ട്ണേഴ്സ് കമ്പനിക്ക് കാരാര്‍ നല്‍കിയത്. തുറമുഖ വകുപ്പിന് വലിയ തുകയുടെ നഷ്ടം ഉണ്ടാക്കിയാണ് കരാർ നൽകിയത്. ആരോപണമുയര്‍ന്നപ്പോള്‍ കോര്‍പറേഷന്‍ നിര്‍മ്മാണം നിര്‍ത്തിവെയ്പിക്കുകയും, ഒക്ടോബര്‍ 31ന് ഒരാഴ്ചക്കുളളില്‍ പൂര്‍ത്തിയാക്കുമെന്ന രീതിയില്‍ വകുപ്പ് തല അന്വേഷണംആരംഭിക്കുകയും ചെയ്തു.ടെണ്ടര്‍ മാറ്റി കരാര്‍ ആയ സാഹചര്യം,അനധികൃത നിര്‍മ്മാണം,നിയമലംഘനം ഇവയായിരുന്നു അന്വേഷണ വിഷയങ്ങള്‍. വകുപ്പു തല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് തിടുക്കപ്പെട്ട് നിര്‍മ്മാണാനുമതി നല്‍കിയത് വഴിവിട്ട നീക്കമാണെന്ന് വി.കെ.സജീവന്‍ ആരോപിച്ചു..ഭരണകഷി ബന്ധക്കാര്‍ക്ക് സര്‍ക്കാര്‍ ഭൂമിയും,നിയമം ലംഘിക്കാനുളള അവകാശവും തീറെഴുതിക്കൊടുക്കുകയാണ്. കടലില്‍ നിന്ന് കേവലം 27 മീറ്റര്‍ മാത്രം അകലമുളളിടത്ത് ഗ്രൗണ്ട് ഫ്ളോറിന് മാത്രമാണ് അനുമതിയെന്ന് പറയുമ്പോള്‍ ഒന്നാം നില പൊളിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടോ?. അനധികൃത നിർമ്മാണങ്ങളുടെയും,നിയമനിര്‍മ്മാണങ്ങളുടേയും കൂടുതൽ വിവരങ്ങൾ വിവരാവകാശത്തിലൂടെ പുറത്തുകൊണ്ടുവന്ന് ശക്തമായ സമരവുമായി ബിജെപി മുന്നോട്ടുപോകുമെന്നും വി.കെസജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, വൈസ് പ്രസിഡൻ്റ് ഹരിദാസ് പൊക്കിണാരി, ട്രഷറർ വി.കെ.ജയൻ, ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.