കോഴിക്കോട്: കൂരാച്ചുണ്ടിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മരണകാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിൽ താമസമുണ്ടായെന്ന് മന്ത്രി എകെ ശശീന്ദ്രൻ. എന്നാല്‍ പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. മറ്റ് കേസുകളിൽ കാലതാമസം ഉണ്ടായിട്ടില്ല. കൂരാച്ചുണ്ട് സംഭവത്തിൽ നടപടികൾ വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാർ ഇന്നലെ വനംവകുപ്പ് ഓഫീസും റോഡും ഉപരോധിച്ചിരുന്നു.
വർഷത്തില്‍ നിശ്ചിത സമയം കാട്ടുപന്നികളെ വേട്ടയാടാനായി കർഷകർക്ക് അനുമതി നല്‍കുന്ന കാര്യത്തിലാണ് നിലവില്‍ കേന്ദ്രവുമായി ആലോചന നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാട്ടുപന്നികളെ ഏത് സമയവും വെടിവച്ചു കൊല്ലുന്നതിന് അനുമതി നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്യപ്പെടില്ലേയെന്ന് കേന്ദ്രത്തിന് ആശങ്കയുണ്ട്. താത്കാലിക അനുമതി നല്‍കിയ ശേഷം ഇതുവരെ സംസ്ഥാനത്ത് 1200ലധികം പന്നികളെ വെടിവച്ച് കൊന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.