തിരുവനന്തപുരം:സംസ്ഥാനത്തെ ഐ.ടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണ്. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോർട്ടുകളിൽ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഇത് പരിഹരിക്കുന്നതിനാണ് വൈൻ പാർലറുകൾ തുടങ്ങാൻ മുമ്പ് തീരുമാനിച്ചത്. കോവിഡ് ലോക്ക് ഡൗണിനെ തുടർന്നാണ് നടപടികൾ ഇല്ലാതായി. കോവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയില്‍ അറിയിച്ചു. കൂടുതല്‍ ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം.
അതേസമയം, സംസ്ഥാനത്ത് ആരോഗ്യത്തിന് ഹാനികരമല്ലാത്ത വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം സർക്കാർ ആലോചനയിലുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിയമസഭയിൽ പറഞ്ഞു. മലബാർ ഡിസ്റ്റിലറിയിലടക്കം ഇതിന്റെ സാധ്യതകൾ പരിശോധിക്കുന്നുണ്ട്. എല്ലാവരുമായി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
ചെറുപ്പക്കാർക്കിടയിലും വിദ്യാർഥികൾക്കിടയിലും ലഹരി മരുന്ന് ഉപയോഗം വർദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരി മരുന്ന് പ്രതികളെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും ഇതിൽ ക്യത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുമ്പ് ഇല്ലാത്ത തരത്തിൽ ഉള്ള കേസുകളാണ് ഇപ്പോൾ കണ്ടെത്തുന്നതെന്നും മന്ത്രി പറഞ്ഞു.