Wednesday, November 6, 2024
EducationGeneralLatest

ഇന്റർനാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ് ഫൈനലിസ്റ്റായി ആസിം വെളിമണ്ണയും


കോഴിക്കോട്: നെതർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷന്റെ ഈ വർഷത്തെ അവാർഡിന്‌ അവസാനമൂന്നിൽ ഇടംപിടിച്ചിരിക്കുകയാണ് കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം.39 രാജ്യങ്ങളിൽ നിന്നായി വന്ന 169 ലധികം നോമിനികളിൽ നിന്നാണ് നോബൽ സമ്മാന ജേതാക്കളടങ്ങിയ വിദഗ്ദരുടെ ജഡ്ജിങ്ങ് പാനൽ മൂന്നു ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഭിന്നശേഷിമേഘലയിൽ കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് ആസിമിനെ ഈ അവാർഡിന്‌ നോമിനേറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് കിഡ്സ് റൈറ്റ്സ് രക്ഷാധികാരി ആർച്ച്ബിഷപ്പ് ഡെസ്മോണ്ട് ടുട്ടു പ്രഖ്യാപിച്ചത്. വിജയിയെ നവംബർ12 നു പ്രഖ്യാപിക്കും.13 ന് അവാർഡ് വിതരണം ഹോഗിൽ വെച്ച് നടക്കും. കോഴിക്കോട് ജില്ലയിലെ വെളിമണ്ണ സ്വദേശി ശഹീദിന്റെയും ജംസീനയുടെയും ഒന്നാമത്തെ മകനായി 90 ശതമാനം വൈകല്യങ്ങളോടെയാണ് ആസിമിന്റെ ജനനം.കൈകളില്ലാതെ ജനിച്ച ആസിമിനു നടക്കാനും സംസാരിക്കാനും കേൾവിക്കും പ്രയാസം ഉണ്ട്. തന്റെ ഗ്രാമത്തിലെ വെളിമണ്ണ സർക്കാർ ലോവർ പ്രൈമറി സ്കൂളിനെ അപ്പർപ്രൈമറി ആക്കാനുള്ള നിയമപരമായ പോരാട്ടത്തിലൂടെയാണ് ആസിം ജനശ്രദ്ധ നേടുന്നത്. തന്റെ ശ്രമത്തിലൂടെ അതു സാധ്യമാക്കുകയും 200 കുട്ടികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 700 ഓളം കുട്ടികൾ പഠിക്കുകയും ചെയ്യുന്നു. നിലവിൽ അതേ സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്താനുള്ള ശ്രമത്തിലാണ് ആസിം.ഇതിനായി 52 ദിവസം വീൽചെയറിൽ 450 കിലോമീറ്റർ മാർച്ച് നടത്തുകയും ആയിരക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരണം നടത്തുകയും ചെയ്തു. ആസിം നൽകിയ കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതോടൊപ്പം മറ്റനേകം സാമൂഹിക പ്രവർത്തനത്തിലും ആസിം സജീവമാണ്. തന്റെ പ്രവർത്തനം കൊണ്ടു ലോകത്തെമ്പാടുമുള്ള ഭിന്നശേഷി യുവാക്കൾക്കും കുട്ടികൾക്കും അവരുടെ വിദ്യാഭ്യാസം തുടരാനും സമൂഹത്തിൽ മുഖ്യധാരയിലേക്കു വരാനും വലിയ പ്രചോദനം ഉണ്ടാക്കാൻ സാധിച്ചതിനാലാണ് ആസിമിനെ അവാർഡിന്‌ പരിഗണിച്ചിട്ടുള്ളത്‌.തന്റെ ഭാവി പ്രവർത്തനങ്ങളെ ആവിഷ്കരിക്കുന്നതിനായി ആസിം വെളിമണ്ണ ഫൗണ്ടഷൻ എന്ന പേരിൽ ഒരു സന്നദ്ധസഘടന രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. കേരളഗവണ്മെന്റിന്റെ പ്രഥമ ഉജ്വലബാല്യം പുരസ്‌കാരം, യൂണിസെഫിൻ്റെ(UNISEF) ചൈൽഡ് അച്ചീവർ അവാർഡ്, ബാഗ്ലൂർ ആസ്ഥാനമായിട്ടുള്ള മുൻ രാഷ്ട്രപതി APJ അബ്ദുൽ കലാം സാറിൻ്റെ പേരിലുള്ള കലാം ഫൗണ്ടേഷൻ്റെ ഇൻസ്‌പൈറിങ് ഇന്ത്യൻ അവാർഡ് എന്നിവ ആസിമിനു ലഭിച്ച ബഹുമതികളാണ്.
യു.കെ സ്വദേശിനി ക്രിസ്റ്റീന അഡാൻ, ഡൽഹി സ്വദേശികളായ വിഹാൻ നവ് അഗർവാൾ എന്നിവരുമാണ് മറ്റു ഫൈനലിസ്റ്റുകൾ. കുട്ടികളുടെ നോബൽ പ്രൈസ് എന്നറിപ്പെടുന്ന ഈ അവാർഡ് മലാല യൂസഫ് സായ്, ഗ്രേറ്റ തുൻബർഗ്, എൻകോസി ജോണ്സണ് എന്നിവർ മുൻപ് നേടിയിട്ടുണ്ട്. ഓരോവർഷവും നോബൽ പ്രൈസ് ജേതാവാണ് വിജയിക്കുള്ള ട്രോഫി സമ്മാനിക്കുക. കൂടാതെ വിദ്യാഭ്യാസ സ്കോളർഷിപ്പും ഏകദേശം ഒരു കൂടി രൂപ പ്രോജക്ട് ഫണ്ടായും ലഭിക്കും, അതിൽ പകുതി വിജയിയുടെ തീമിലേക്കും പകുതി കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന മറ്റു പ്രോജക്ടുകളിലും നിക്ഷേപിക്കും.ഈ. വർഷത്തെ അവാർഡ് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആസിമും സഹപ്രവർത്തകരും.

മുഹമ്മദ് യാസിർ വാഫി(മാനേജർ: അക്കര ഫൗണ്ടേഷൻ
മുഹമ്മദ് ആസിം വെളിമണ്ണ ( ഫൈനലിസ്റ്റ് ഇൻറർ നാഷണൽ ചിൽഡ്രൻസ് പീസ് പ്രൈസ്)
ഷഹീദ് (ആസിമിന്റെ പിതാവ്)
K. K. അബ്ദുൽ റഹ്മാൻ(ട്രഷറർ: ആസിം വെളിമണ്ണ ഫൗണ്ടേഷൻ ) സർത്താജ് അഹ്മദ്(മെമ്പർ: ആസിം വെളിമണ്ണ ഫൗണ്ടേഷൻ ) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

 


Reporter
the authorReporter

Leave a Reply