ArtCinemaLatest

മണ്ണിൽ ഇന്ത കാതൽ…… ഇളയരാജയുടെ സിനിമാ സംഗീതത്തിന് അമ്പത് വയസ് ……🖋️കെ കെ ജയേഷ്

Nano News

ഇളയരാജയെ കാണാൻ. . . അദ്ദേഹത്തിന്റെ വിസ്മയ സംഗീതം ആസ്വദിക്കാൻ തമിഴ് നാട്ടിലെ വെല്ലൂരിലേക്കുള്ള യാത്രാനുഭവങ്ങൾ പങ്കുവെക്കുകയാണ് അഞ്ചു സുഹൃത്തുക്കൾ.. ഇളയരാജയുടെ സിനിമാ സംഗീതത്തിന് അമ്പത് വയസാകുമ്പോൾ ആ സംഗീതം ജീവിതത്തിൽ ചെലുത്തിയ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഇവർ.


🎶🎶🎵🎶🎶🎼🎼🎵🎵🎶🎶🎵🎶🎶
മണ്ണിൽ ഇന്ത കാതൽ……
ഇളയരാജയുടെ സിനിമാ സംഗീതത്തിന് അമ്പത് വയസ്
                .🎻…..🖋️കെ കെ ജയേഷ്
തമിഴ്‌നാട് വെല്ലൂരിലെ നിലാവുള്ള ഒരു രാത്രി. നിറയുന്ന തമിഴ് പേച്ചുകൾ. കുട്ടികളും പ്രായമായവരും സ്ത്രീകളുമെല്ലാം സംഗീത വസന്തം പെയ്തു നിറയാൻ കാത്തിരിക്കുന്നു. ആൾക്കൂട്ടത്തിന് നടുവിൽ അവരും. മനസിൽ ഇളയനിലായും നിലാവേ വായും കല്യാമ തേൻ നിലായുമെല്ലാം അലയടിക്കുന്നുണ്ട്. ‘സംഗീതം തേടി അലയേണ്ടതില്ല. സംഗീതം അതുള്ളവരെ തേടിവരും.. കാറ്റ് നമ്മെ തേടിവരികയല്ലേ ചെയ്യാറ്… ഇളയരാജയുടെ വാക്കുകളാണിത്. സംഗീതം തേടിവന്ന, സ്വയം സംഗീതമായി മാറിയ അദ്ദേഹത്തെ തേടിയാണ് കേരളത്തിൽ നിന്നും അവർ തമിഴ്‌നാട്ടിലെത്തിയത്. ബാലുശ്ശേരി കൊട്ടാരമുക്കിൽ നിന്നും തുടങ്ങിയ യാത്ര.

ഗൾഫിൽ നിന്ന് ലീവിന് നാട്ടിലെത്തിയ സിദ്ദിഖാണ് ഇളയരാജയുടെ വെല്ലൂരിലെ പരിപാടി കാണാൻ പോകാമെന്ന ആശയം മുന്നോട്ട് വെച്ചത്. ഇളയരാജയുടെ പാട്ടുകളെക്കുറിച്ച് സംസാരിക്കാനായി ഉണ്ടാക്കിയ ‘എന്നാളും സംഗീതം.. സന്തോഷമേ’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു സിദ്ദിഖിന്റെ ചോദ്യം. ബസ് ഡ്രൈവറായ സെയ്ദുവും കോൺക്രീറ്റ് പണിക്ക് പോകുന്ന രാജേഷും ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ അസി. മാനേജറായ സെജീറുമെല്ലാം ഒറ്റക്കെട്ടായി ഒ കെ പറഞ്ഞതോടെ കാര്യങ്ങൾ സെറ്റായി. വരണമെന്ന് ഏറെ ആഗ്രഹിച്ചെങ്കിലും സജീവനും മനോജിനും മൻസൂറിനും യാത്രക്കെത്താൻ കഴിയാതെ പോയി. അതൊരു നിരാശയായി തങ്ങളിലുണ്ടായിരുന്നുവെന്ന് റിട്ട. അധ്യാപകനായ എം കെ യൂസഫ് പറഞ്ഞു.


ഏതെല്ലാമോ ദേശങ്ങളിൽ നിന്ന് അവരെപ്പോലെ ആളുകൾ വെല്ലൂരിലെ ആ മൈതാനിയിലേക്ക് എത്തിക്കൊണ്ടിരുന്നു. സംഗീത മാന്ത്രികനെ കാത്തിരിക്കുമ്പോൾ കൗമാരക്കാലം ഓർമയിൽ തെളിഞ്ഞുവെന്ന് യൂസഫ് പറഞ്ഞു. ‘പൊളിച്ചു മാറ്റിയ കൊട്ടാരവും പുള്ളാഞ്ചേരി തോട്ടിലെ മീൻ പിടുത്തവും ഒതയോത്ത താഴെ വയലിലെ ഫുട്ബോൾ കളിയുമെല്ലാം മനസിൽ മിന്നി മാഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം പീടികക്കോലായിലും വയൽക്കരയിലും ഫുട്ബോൾ മൈതാനത്തുമെല്ലാമിരുന്ന് സ്നേഹവും സൗഹൃദവും പങ്കുവെച്ച കാലം കണ്ണുകളെ ഈറനാക്കി. പാട്ടുകളെക്കുറിച്ച്, സിനിമയെക്കുറിച്ച്, ഫുട്ബോളിനെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച് എല്ലാം പറഞ്ഞും വഴക്കിട്ടും കടന്നുപോയ നല്ല നാളുകൾ. ആ കാലത്ത് ഹൃദയം തൊട്ടുവന്ന പാട്ടിനീണങ്ങളെക്കുറിച്ചോർത്തു. ഒന്നിനു പിറകെ ഒന്നായി ഓരോ കാലത്തിലും വന്ന് നെഞ്ചിൽ പതിഞ്ഞുപോയ തമിഴ് ചിന്തുകൾ… ഋതുഭേദങ്ങൾ ഏറെ വന്നുപോയിട്ടും ആ പാട്ടു വസന്തം തളിർത്തു തന്നെയിരുന്നു. പിന്നെയതൊരു പിരാന്തായി.. ഇസൈ ജ്ഞാനിയുടെ ചിരിയഴകുള്ള ശിവകാശിച്ചിത്രമായിരിക്കാം വീട്ടു ചുമരിൽ ആദ്യം പതിച്ച ഒരാൾച്ചിത്രം.. ഇളയരാജ എന്ന് പോസ്റ്ററിൽ പേരുള്ള ഏത് ചിത്രത്തിനും വെള്ളിയാഴ്ച തന്നെ കൊട്ടകയിലെത്തി. ബാലുശ്ശേരി പ്രഭാതിലും സന്ധ്യയിലുമെല്ലാം കറങ്ങി നടന്നു.

കമൽഹാസനും രജനീകാന്തുമെല്ലാം സ്ക്രീനിൽ നിറഞ്ഞു.. അതിനൊപ്പം വശ്യസുന്ദരമായ കുറേ ഗാനങ്ങളും.. നാട്ടിലെ സൗഹൃദക്കൂട്ടായ്മകളിൽ സിനിമയ്ക്കൊപ്പം പാട്ടുകളും ചർച്ചാവിഷയങ്ങളായി. ഇളയരാജയ്ക്കൊപ്പം ആ ജിന്ന് കൂടിയ പലരും പിന്നെ കൂട്ടായി. ഭാരതിരാജയും കെ ബാലചന്ദ്രറും എസ് പി മുത്തുരാമനും മണിരത്നവും ഭാഗ്യരാജുമെല്ലാം പ്രിയപ്പെട്ടവരായി. രാജയുടെ പാട്ടുകൊണ്ടു കൂടി തുന്നിയെടുത്ത യൗവനത്തിന്റെ ഉന്മാദങ്ങൾ.. ആഹ്ലാദങ്ങൾ’ – പറയുമ്പോൾ എം കെ യൂസഫിന്റെ കണ്ണുകളിൽ നഷ്ടബോധങ്ങളുടെ നനവുണ്ടായിരുന്നു.
കാലങ്ങൾ കടന്നുപോയി. ഞാൻ അധ്യാപകനായി. ക്ലാസ് മുറികളിൽ മാറി വരുന്ന വിദ്യാർത്ഥികൾക്കൊപ്പം എന്നും കൗമാരക്കാരനായി. അധ്യാപന ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ പ്രായമായോ എന്ന് സംശയിച്ചു. അപ്പോഴാണ് ഓർത്തത് ഇളയരാജയുടെ സിനിമാ സംഗീതത്തിന് അമ്പത് വയസ് പ്രായമായി. രാജയ്ക്കും അദ്ദേഹത്തിന്റെ പാട്ടുകൾക്കും ഇന്നും നിത്യയൗവനമാണ്. ആ സംഗീതത്തിനൊപ്പം സഞ്ചരിക്കുമ്പോൾ ഞാനിപ്പോഴും ആ കൗമാരക്കാരൻ തന്നെയാണ്. അന്നത്തെ ആവേശം തന്നെയാണ് ഇന്നും എന്നെ നയിക്കുന്നത്. സംഗീതത്തിലലിയാൻ ഇത്ര ദൂരം താണ്ടിയെത്തിയതും കൗമാരം പിന്നിടാത്തതുകൊണ്ട് തന്നെയാണെന്ന് ഞാൻ കരുതുന്നു- യൂസഫ് പുഞ്ചിരിയോടെ പറഞ്ഞു.


രാജാ പാട്ടുകൾക്കായി ആർത്തു വിളിച്ച് ഗാനമേളകളിൽ കോലം തുള്ളിയ രാത്രികളെക്കുറിച്ചാണ് സിദ്ദിഖിന് പറയാനുണ്ടായിരുന്നത്. ‘അത്തരമൊരു രാത്രി വീണ്ടും ആസ്വദിക്കാനാണ് തമിഴ് നാട്ടിലേക്കെത്തിയത്. നാട്ടിലെ പാട്ടുകൂട്ടത്തിനൊപ്പം രാജയുടെ പാട്ടുകളുടെ അഴകും ആഴവും തേടി എത്രയോ യാത്ര ചെയ്തിട്ടുണ്ട്. പിന്നീടതൊരു തീർത്ഥയാത്രയായി. അപ്പോഴും ഒരു മോഹം വഴി കണ്ടെത്താതെ ഉള്ളിലുഴറി നടന്നു. ദൈവം തൊട്ട ആ വിരലുകൾ. അവ തൊടുമ്പോൾ പൂവിടുന്ന പാട്ട് നേരങ്ങൾ നേരിൽ കാണാൻ… ഒടുക്കം കാലം എനിക്കായി കാത്തുവെച്ച.. അല്ല ഞങ്ങൾക്കായി… രാജേഷിനും യൂസഫിനും സെജീറിനും സെയ്ദുവിനുമെല്ലാം വേണ്ടി കാത്തുവെച്ച ഒരു രാത്രി… വെല്ലൂരിലെ നിലാച്ചുവട്ടിൽ ഒരു രാത്രി… രാജ സാർ ഞങ്ങൾക്ക് വേണ്ടിയും കൂടി പാടി. അദ്ദേഹത്തിനൊപ്പം തന്റെ പാട്ട് ജീവിതത്തിൽ കൂടെ ചേർത്ത പിന്നണിയും. പുതു കാലത്തിന്റെ പ്രിയ ഗായകരും’- സിദ്ദിഖിന്റെ വാക്കുകളിൽ ജീവിതത്തിലെ വലിയൊരു സ്വപ്നത്തിന്റെ പൂർത്തീകരണത്തിന്റെ ആവേശമുണ്ടായിരുന്നു.
ഒൻപത് ഭാഷകളിലായി 1400 ലധികം സിനിമകൾക്ക് സംഗീതം പകർന്ന ഏക സംഗീതജ്ഞനാണ് ഇളയരാജ. 8500 ഗാനങ്ങൾക്ക് ഈണം പകർന്ന മാന്ത്രികൻ. ഇരുപതിനായിരത്തിലധികം കച്ചേരികൾ നടത്തിയ സംഗീത ചക്രവർത്തി. രാഷ്ട്രം പദ്മവിഭൂഷൺ ഉൾപ്പെടെ നൽകി ആദരിച്ച പ്രതിഭ. ഇശൈജ്ഞാനിയെക്കുറിച്ചുള്ള വിശേഷണങ്ങൾ എളുപ്പം പറഞ്ഞു തീർക്കാവുന്നതല്ല. തേനിയിലെ പണ്ണൈപുരം ഗ്രാമത്തിലെ ഡാനിയൽ രാമസ്വാമിയുടെ ആറു മക്കളിൽ അഞ്ചാമത്തെയാളായിരുന്നു ജ്ഞാനദേശികൻ. സ്കൂളിൽ ചേർത്തപ്പോൾ രാജയ്യ എന്നു മാറ്റി. കൂട്ടുകാർ അദ്ദേഹത്തെ രാജ എന്നു വിളിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണഗായകനായിരുന്നു ജ്യേഷ്ഠൻ വരദരാജൻ. ദേവികുളം നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥി റോസമ്മ പുന്നൂസിന് വേണ്ടി തോട്ടം തൊഴിലാളികൾക്കിടയിൽ പ്രചാരണത്തിന് വരദരാജനും അനിയൻമാരും സജീവമായി രംഗത്തിറങ്ങിയിരുന്നു. വിജയാഘോഷത്തിനിടെ മുഖ്യമന്ത്രി ഇ എം എസ് വരദരാജനെ സ്റ്റേജിലേക്ക് വിളിച്ച് അനുമോദിക്കുകയുണ്ടായി. ഇതോടെ വരദാരജന്റെ സംഗീത ട്രൂപ്പിന് വേദികൾ വർധിച്ചു. പിന്നീടെപ്പോഴോ അമ്മ കൊടുത്ത നാന്നൂറ് രൂപയുമായി രാജ ചെന്നൈയിലെത്തി. 76 ൽ അന്നക്കിളിയിലൂടെ ആ പേര് സ്ക്രീനിൽ തെളിഞ്ഞു. പിന്നീടങ്ങോട്ട് ആ ഈണങ്ങൾ പ്രണയത്തിലും ആനന്ദത്തിലും വിരഹത്തിലുമെല്ലാം ഒപ്പം വന്നു.
ഇളയരാജ വേദിയിലേക്കെത്തിയപ്പോൾ മനസിൽ നിറഞ്ഞത് ആ മമ്മൂട്ടി ചിത്രത്തിലെ ഗാനമാണെന്ന് സെയ്ദുവും സെജീറും രാജേഷും പറയുന്നു. ‘കല്യാണ തേൻ നിലാ. . കായ്ച്ചാത പാൽനിലാ. . . ‘ റാന്തലിന്റെ മങ്ങിയ വെളിച്ചത്തിൽ ജലാശയത്തിന്റെ പശ്ചാത്തലത്തിൽ മമ്മൂട്ടി പാടുകയാണ്. യേശുദാസിന്റെയും ചിത്രയുടെയും വശ്യമനോഹരമായ ആലാപനത്തിൽ നിലാവ് പെയ്യുന്ന ഇളയരാജയുടെ ഗാനം. വെല്ലൂരിലും നിലാവ് പെയ്തു നിറയുകയാണ്. മനസ് പ്രണയാതുരമാകുന്നു. സിദ്ദിഖ് വീട്ടുക്കു വീട്ടുക്കു വാസപ്പടിയും മാങ്കുയിലേയുമെല്ലാം മൂളുന്നു. സംഗീത മേഘവും പൂവേ സെമ്പൂവേയും രാസാത്തി ഉന്നൈയും കുയിലെ പുടിച്ചും തെൻമദുരൈ വൈഗ നദിയും കണ്ണൈ കലൈമാനെയും മണ്ണിൽ ഇന്ത കാതലും തെതൻപാണ്ടി തമിഴേയുമെല്ലാം നിറയുന്നുണ്ട്. അതിനിടെ ആരോ രാജ രാജ ചോഴൻ നാൻ എന്നു പാടി എഴുന്നേറ്റ് നൃത്തം ചവിട്ടി.
ലോകവും ജീവിതവും നാലു മണിക്കൂറിലേക്ക് ഒതുങ്ങി ചേർന്നു നിന്ന വിസ്മയമായിരുന്നു പിന്നീട് പിറന്നതെന്ന് പറയുമ്പോൾ യൂസഫിന്റെ വാക്കുകളിൽ ആവേശം നിറഞ്ഞൊഴുകി. വെല്ലൂർ കുന്നിന്റെ താഴ്‌വരയിൽ പൂത്ത പുരുഷാരം. പ്രിയമുള്ളതെല്ലാം പാടി കേൾക്കാനാവില്ലല്ലോ എന്ന് നൊമ്പരപ്പെട്ടു. ഉയിരും ഉടലും നൽകി ചങ്കിൽ കൊണ്ടു നടന്ന സംഗീത നച്ചത്തിരം ഒടുക്കം കണ്ണ് നനയിച്ചു. ‘തെൻപാണ്ടി ചീമയിലെ’ പാടി അഴുതാമനസ്സ് താങ്കാതെയിൽ പതറി വിതുമ്പി നിൽക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു. കൂടെയുള്ള സിദ്ദിഖും സെജീറും സെയ്ദുവും രാജേഷും ഒരു നെടുവീർപ്പിൽ സ്വയമൊളിച്ചുവെന്നാണ് തോന്നിയതെന്ന് യൂസഫ് പറഞ്ഞപ്പോൾ രാജേഷ് തിരുത്തി. ‘എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് നിങ്ങളാരും കണ്ടില്ലല്ലോ’.
പരിപാടിക്കിടെ നാട്ടിലെ.. കിനാലൂരിലെ രണ്ടു പേരെ പരിചയപ്പെട്ട കാര്യം സെയ്ദുവാണ് പറഞ്ഞത്. തങ്ങളേക്കാൾ കൂടിയ ഭ്രാന്തുള്ള രണ്ടു പേർ. ഒരാൾ ഇത് ഏഴാമത്തെ പരിപാടിയാണ് കാണുന്നതെന്നാണ് പറഞ്ഞത്. ഹൈദരാബാദിലും ബംഗളൂരുവിലും ചെന്നൈയിലും വെല്ലൂരുമെല്ലാം രാജ സംഗീതത്തിന്റെ അനശ്വരതയെ തേടി പോകുന്ന മനുഷ്യർ. . ‘ സെയ്ദു പറഞ്ഞു നിർത്തിയതും ‘എപ്പവും അദ്ദേഹം തന്നെ രാജ’ എന്നായിരുന്നു സെജീറിന്റെ മറുപടി.
സംഗീതം എന്നത് നിർമിച്ചെടുക്കേണ്ടതല്ല, അത് ഹൃദയത്തിലേക്ക് ഒഴുകിയെത്തുന്നതാണ്. അറിയാതെ സംഭവിച്ചുപോകുന്നതാണ്. അത്തരം സംഗീതം കാലങ്ങളോളം നിലനിൽക്കുകയും ചെയ്യും’- ഇളയരാജയുടെ വാക്കുകളാണിത്. അതെ. . അദ്ദേഹത്തിന്റെ സംഗീതം ഇതുപോലെ മനുഷ്യ ഹൃദയങ്ങളിലേക്ക് ഇപ്പോഴും ഒഴുകിയെത്തുകയാണ്. ആ സംഗീതത്തിന്റെ ഭാഷയുടെ വേലിക്കെട്ടുകളില്ല. ആ ഓളങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന മനുഷ്യർക്ക് പ്രായമേറുന്നില്ല. ജരാനരകൾ ബാധിക്കുന്നില്ല. മനസ് കലുഷിതമാകുന്നില്ല. . അവരിവിടെ കാത്തിരിപ്പ് തുടരുകയാണ്. തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കിറങ്ങമ്പോൾ ഭാര്യ സിദ്ദിഖിനോട് ഭാര്യ ചോദിച്ചിരുന്നു ‘ങ്ങള് ഹജ്ജിനോ മറ്റോ പോവാണോെന്ന്. . ‘. സിദ്ദിഖ് അപ്പോൾ മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ‘ഭാര്യയുടെ ചോദ്യം ശരിയായിരുന്നു. ഞങ്ങൾക്കറിയാല്ലോ ഞങ്ങൾ ഒരു തീർത്ഥയാത്രയിലാണെന്ന്.. സംഗീത ദൈവത്തെ കാണാൻ. . മാന്ത്രിക സംഗീതത്തിന്റെ ലഹരിയിൽ ആവോളം നീന്തിത്തുടിക്കാൻ. . . ‘ – തീർത്ഥയാത്രയുടെ മധുരമായ ഓർമയിൽ സിദ്ദിഖ് പറഞ്ഞു.
മടക്കയാത്രയ്ക്ക് ട്രെയിനിലിരിക്കുമ്പോൾ ആ കടൽത്തീരം ഓർമയിലെത്തിയെന്ന് യൂസഫ്. മണൽപ്പരപ്പിലിരുന്ന് തന്റെ പ്രണയിനിക്ക് അവൾ നൽകിയ വരികൾ പാടിക്കൊടുക്കുന്ന പാട്ടുകാരൻ. അദ്ദേഹത്തിന്റെ പാട്ട് ഉയരുന്നു…. മണ്ണിൽ ഇന്ത കാതലണ്ട്രി…


Reporter
the authorReporter

Leave a Reply

error: Content is protected !!