Thursday, January 23, 2025
LatestPolitics

പാർട്ടിക്കകത്ത് കളകൾ ഉണ്ടെങ്കിൽ പറിച്ച് കളയും; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ


കോഴിക്കോട്: ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നേതൃത്വം അല്ല ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് പറഞ്ഞ സിപിഎം പിബി അംഗം, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണെന്നും പറഞ്ഞു.

കേന്ദ്ര സർക്കാർ വാർത്താ ഏജൻസികളെ കാവിവൽക്കരിക്കാൻ നീക്കം നടത്തുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പേരാമ്പ്രയിൽ സ്കൂൾ ബസ് സിപിഎം ജാഥയ്ക്ക് ഉപയോഗിച്ച് സംഭവം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി കൺവീനർ കൂടിയായ ഇ പി ജയരാജന് ഏത് സമയത്ത് വേണമെങ്കിലും താൻ നയിക്കുന്ന പാർട്ടി ജാഥയിൽ പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പാലക്കാട്ടെ നേതാവ് പികെ ശശിയുടെ അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള വിഷയങ്ങളിലെ പാർട്ടി അന്വേഷണവുമായി ബന്ധപ്പെട്ട് പേരെടുത്ത് പറയാതെ എംവി ഗോവിന്ദൻ നിലപാട് അറിയിച്ചു. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കകത്ത് കളകൾ ഉണ്ടെങ്കിൽ പറിച്ച് കളയും. എന്നാൽ ഇത് ശശിയെക്കുറിച്ചാണോ എന്ന ചോദ്യത്തിൽ നിന്ന് ഗോവിന്ദൻ ഒഴിഞ്ഞു മാറി. ലൈഫ് മിഷനിൽ ഒരു ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമാണ് അപാകത ഉണ്ടായത്. തെറ്റ് ചെയ്തവർ മാത്രം അതിന് മറുപടി പറഞ്ഞാൽ മതി. ഇക്കാര്യം പാർട്ടി പരിശോധിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു

Reporter
the authorReporter

Leave a Reply