കൊച്ചി: ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചക്കകം വ്യക്തമാക്കണമെന്ന് ഹൈക്കോടതി. താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനായ കോഴിക്കോട് എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ പി. അന്‍വര്‍ സാദത്ത്, താമരശേരി താലൂക്ക് അഡീഷണല്‍ തഹസില്‍ദാര്‍ (എല്‍.ആര്‍) കെ. ബലരാജന്‍ എന്നിവരില്‍ നിന്നാണ് ജസ്റ്റിസ് രാജവിജയരാഘവന്‍ വിശദീകരണം തേടിയത്.
മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെ.വി ഷാജിയുടെ കോടതി അലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി നടപടി.
പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന ലാന്റ് ബോര്‍ഡ് ഉത്തരവ് മൂന്ന് വര്‍ഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടികാട്ടി ഭൂരഹിതനായ ഷാജി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടി ക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കി ആറു മാസത്തിനകം താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍, താമരശേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 24നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. എട്ടുമാസമായിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതുടര്‍ന്നാണ് കോടതി അലക്ഷ്യഹര്‍ജി നല്‍കിയത്.
മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി.വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌ക്കരണ നിയമം 1963 87 (1) പ്രകാരം അന്‍വറിനതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19ന് സംസ്ഥാന ലാന്റ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവും നല്‍കി. എന്നാല്‍ ഉത്തരവിറങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എം.എല്‍.എക്കെതിരെ കേസെടുത്തില്ല. നിയമസഭ പാസാക്കിയ ഭൂപരിഷ്‌ക്കരണ നിയമം അനുസരിച്ച് ഒരു വ്യക്തിക്കോ കുടുംബത്തിനോ പരമാവധി കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. എന്നാല്‍ 207.84 ഏക്കര്‍ ഭൂമി കൈവശം വെക്കുന്നതായി അന്‍വര്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ വ്യക്തമാക്കിയിരുന്നു. ഏറനാട്, നിലമ്പൂര്‍ നിയോജകമണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലായിരുന്നു ഈ വെളിപ്പെടുത്തല്‍.