Wednesday, December 4, 2024
GeneralLatest

മഴയ്ക്ക് താല്ക്കാലിക ശമനം, വടക്കൻ കേരളത്തിൽ ആശ്വസം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രാത്രി മഴയ്ക്ക്  ശമനം ഉണ്ടായെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് ഒൻപതു ജില്ലകളിൽ ഓറഞ്ച് അലേർട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട് , കണ്ണൂർ , വയനാട് , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തൃശൂർ ,  എറണാകുളം ,ഇടുക്കി ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട്. അറബിക്കടലിലെ ശക്തമായ കാറ്റ് രണ്ടു ദിവസം കൂടി തുടരും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദത്തിനും സാധ്യതയുണ്ട്.

വടക്കൻ കേരളത്തിൽ മഴ നന്നായി കുറഞ്ഞിട്ടുണ്ട്. ഭൂരിഭാഗം ഇടങ്ങളിലും വെള്ളക്കെട്ടൊഴിഞ്ഞു. കോഴിക്കോട് രാത്രി ചിലയിടങ്ങളിൽ നേരിയ മഴ തുടർന്നു. എവിടെയും കാര്യമായി നാശനഷ്ടങ്ങളില്ല. കോഴിക്കോട് താലൂക്കിൽ ക്യാമ്പുകളിലായി 400 പേരാണുള്ളത്.  കാസർഗോഡും ശക്തമായ മഴയില്ല. ജില്ലയിൽ ക്യാമ്പുകളൊന്നും തുറന്നിട്ടില്ല.

മലപ്പുറത്തും രാത്രി മുതൽ കാര്യമായ മഴയില്ല. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കണ്ണൂർ നിലവിൽ മഴ കുറവാണ്. രാത്രി മഴയുണ്ടായിരുന്നു. ഇപ്പോൾ ചില ഭാഗങ്ങളിൽ നേരിയ മഴ മാത്രം. പയ്യാവൂർ കരിമ്പിൻ കണ്ടി പുഴയിൽ ഒഴുക്കിൽ പെട് ഒരാളെ കാണാതായി. അനിൽ കുമാറാണ് ഒഴുക്കിൽ പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തെരച്ചിൽ തുടരുകയാണ്.

പാലക്കാട് ജില്ലയിൽ  മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ല. നഗരത്തിലടക്കം ചാറ്റൽ മഴയാണുള്ളത്. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാന്പ് തുറന്നു. മൂന്ന് കുടുംബങ്ങളിലെ 19 പേരെ ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചു.  മലന്പുഴ ഡാമിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഡാം തുറക്കുന്നതിന് മുന്നോടിയായി ഓറഞ്ച് അലേര്‍ട്ട് നൽകി. ഭാരതപ്പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ ഡാമുകളായ പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, ശിരുവാണി എന്നിവയുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. സൈലന്റ് വാലി, നെല്ലിയാമ്പതി അടക്കമുള്ള മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

 


Reporter
the authorReporter

Leave a Reply