എൻ.പി സക്കീർ
കുറ്റ്യാടി: വോളിബോളിന് ഉണർവേകാൻ കർമ പദ്ധതികളുമായി ഗ്രാമീണ വോളീബോൾ അസോസിയേഷൻ കേരള പ്രവർത്തനമാരംഭിച്ചു. ഗ്രീൻവാലി പാർക്കിൽ നടന്ന ചടങ്ങിൽ അർജുന അവാർഡ് ജേതാവ് ടോം ജോസഫ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമങ്ങളാണ് കേരളത്തിൽ വോളിബോളിനെ എന്നും നെഞ്ചോട് ചേർത്തതെന്നും കളിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനായി അസോസിയേഷൻ പരിശ്രമിക്കുമെന്നും ടോം ജോസഫ് പറഞ്ഞു.
ഗ്രാമീണ വോളിബോൾ അസോസിയേഷന് അഖിലേന്ത്യാ ഫെഡറേഷൻ ഉടൻ രൂപീകരിക്കുമെന്ന് കർണാടക വോളിബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. നന്ദകുമാർ പറഞ്ഞു.
കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ചടങ്ങിൽ ലോഗോ പ്രകാശനം ചെയ്തു. വോളിബോളിൻ്റെ മടിത്തട്ടായ കുറ്റ്യാടിയിൽനിന്ന് കളിയെ പ്രോത്സാഹിപ്പിക്കാൻ ഒരു അസോസിയേഷൻ പിറന്നത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അച്ചു മാഷ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ വോളിബോൾ ഇരുട്ടിലാണെന്നും പുതു വെളിച്ചം കൊണ്ടുവരികയാണ് ഗ്രാമീണ വോളിബോൾ അസോസിയേഷൻ കേരള എന്ന സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജോൺസൻ പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച് ഷെരീഫ്, ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ്, പി. രാജീവൻ, പ്രദീപ്കുമാർ വട്ടോളി, മുൻ ഇന്ത്യൻ കോച്ച് സേതു മാധവൻ, മുൻ ഇന്ത്യൻ ഇന്റർ നാഷണൽ റോയ് ജോസഫ്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, വൈസ് പ്രസിഡന്റ് T. K മോഹൻദാസ്, റെനിൽ വിൽസൺ, സതീശൻ കുറ്റിയാടി, വിദ്യാ സാഗർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ 14 ജില്ലകളിൽ നിന്നുള്ള ഭാരവാഹികളും പ്രമുഖ കോച്ചുമാർ കളിക്കാർ, റഫറിമാർ,വോളിബോൾ പ്രേമികൾ തുടങ്ങിയവരും സംബന്ധിച്ചു.