GeneralLatestPolitics

കേരളത്തിൽ ഇന്ധനനികുതി കുറയ്ക്കില്ല : ധനമന്ത്രി കെ.എൻ ബാലഗോപാൽ.


തിരുവനന്തപുരം : കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്ന് കെ.എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ട് എന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണ്. കേന്ദ്രം 30 രൂപ കൂട്ടി, എന്നാൽ അതിന്റെ പങ്ക് സംസ്ഥാനങ്ങൾക്ക് നൽകിയില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം നൽകുന്നതു പോലെയെന്നും ബാലഗോപാൽ പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചതായി ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത്. പുതുക്കിയ വില അർദ്ധരാത്രി മുതൽ നിലവിൽ വന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർ‌ക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാന സർക്കാർ തള്ളി.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചതിന് പിന്നാലെ ബി.ജെ.പി ഭരിക്കുന്ന ഒമ്പത്‌ സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) കുറച്ചത്‌.


Reporter
the authorReporter

Leave a Reply