ഫറോക്ക്: തീവണ്ടി തട്ടി പുഴയിൽ വീണ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി ഇന്നലെ രാത്രി ട്രെയിൻ തട്ടി ചാലിയാർ പുഴയിലേക്ക് കാണാതായ കുണ്ടായിത്തോട് തോണിച്ചിറ കോലം തറക്കൽ സ്വദേശി രാജൻ്റെ മകൻ രസ്നിക് എന്ന ശ്യാം (26) ന്റെ മൃതദേഹം ഫറോക്ക് റെയിൽവേ പാലത്തിന്റെ ഒന്നാം സ്പാനിനടിയിലായി കണ്ടെത്തി.
അയ്യപ്പൻകണ്ടിപറമ്പ് പുല്ലാലയിൽ അശോകന്റെ മകൻ നിഖിലി(27)ന്റെ മൃതദേഹം ഫറോക്ക് പഴയ പാലത്തിനടുത്ത് പുഴയിലായി ഇന്നലെ രാത്രി പത്തരയോടെ കണ്ടെത്തിയിരുന്നു.
ഇന്നലെ രാത്രി 9നായിരുന്നു അപകടം. റെയിൽ പാളത്തിനു സമീപത്തു കൂടി നടന്നു വരികയായിരുന്നവരെ മംഗളൂരുവിൽ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. 2 പേരെ ട്രെയിൻ തട്ടിയതായി ലോക്കോ പൈലറ്റ് ഫറോക്ക് സ്‌റ്റേഷനിൽ വിവരം നൽകുകയായിരന്നു. സ്റ്റേഷൻ മാസ്റ്റർ അറിയിച്ചതു പ്രകാരം നല്ലളം ഇൻസ്പെക്ടർ കെ.കൃഷ്ണൻ്റെ നേതൃത്വത്തിൽ പൊലീസും ട്രോമ കെയർ വൊളൻ്റിയർമാരും നടത്തിയ തിരച്ചിലിൽ ചാലിയാർ തിരത്തു നിന്നാണ് നിഖിലിൻ്റെ മൃതദേഹം കിട്ടിയത്. രസ്‌നികിനു വേണ്ടി രാത്രി റെയിലോരത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.