തിരുവനന്തപുരം:സിനിമാ ഷൂട്ടിംഗ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എം മുകേഷ് എംഎൽഎയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പൗരന്മാര്‍ക്ക് മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടാനാ ദത്തമായി അനുവദിക്കപ്പെട്ട രാജ്യമാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴില്‍ ചെയ്യാനും സ്വാതന്ത്ര്യമുള്ള നാടാണിത്. ആ അവകാശത്തിന്മേല്‍ കടന്നുകയറ്റം ഉണ്ടാകുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണ്. ഭരണഘടനാപരമായ ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്ന പ്രഖ്യാപനമാണ് ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ചിലർ നടത്തിയത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വളരെ വ്യക്തമാണ്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. എന്ത് കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവരെ നാം അപരിഷ്‌കൃതരായ സമൂഹദ്രോഹികള്‍ എന്നാണ് വിളിക്കുന്നത്. ഷൂട്ടിംഗ് സ്ഥലത്ത് അക്രമം നടത്തുകയും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നതും അത്തരം ഫാസിസ്റ്റു മനോഭാവമാണ്. ഇത്തരം ക്രിമിനല്‍ നടപടി വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ നേരത്തെയും ഉണ്ടായിരുന്നു. എന്നാൽ കുറേക്കാലമായി ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കുകയായിരുന്നു. സ്വതന്ത്രമായി തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കാത്തവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാള സിനിമയിലെ തൊഴിൽ അന്തരീക്ഷം കലുഷിതമാകുന്നുവെന്നും സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്നു എന്നും മുകേഷ് പറഞ്ഞു. നടൻ ജോജു ജോർജിനെ തുടർച്ചയായി ഭീഷണിപ്പെടുത്തുന്നുവെന്നും പൃഥ്വിരാജ് ശ്രീനിവാസൻ എന്നിവരുടെ ഷൂട്ടിംഗ് സെറ്റുകളിലേക്ക് മാർച്ച് നടന്നുവെന്നും മുകേഷ് പറഞ്ഞു.