GeneralLatest

വിയോജിക്കുന്ന മാധ്യമങ്ങളെ നിശ്ചലമാക്കാന്‍ ശ്രമം: മന്ത്രി ബിന്ദു


കോഴിക്കോട്: വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്ന മാധ്യമങ്ങളെ നിശ്ചലമാക്കാനുള്ള ശ്രമം രാജ്യം ഭരിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ഇതിനെയെല്ലാം അതിജീവിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ജോലിചെയ്യുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ വാക്കിനെ വാള്‍മൂര്‍ച്ചയോടെ അധികാരികളിലെത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം വിദ്യാര്‍ഥികളുടെ ബിരുദദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അന്യായങ്ങളോട് എതിര്‍ക്കാന്‍ മടിയില്ലാത്ത മാധ്യമസമൂഹത്തെയാണ് കാലം ആവശ്യപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ രണ്ട് ബാച്ചുകളിലായി ഒന്നാം റാങ്ക് നേടിയ യു.ജി ആതിര, കെ. അശ്വതി എന്നിവര്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റും സ്വര്‍ണമെഡലും നല്‍കി.
പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ അധ്യക്ഷനായി. ഐ.സി.ജെ. ഡയറക്ടര്‍ വി.ഇ. ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാതൃഭൂമി സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ്, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മീഡിയാവണ്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ടി. നാസര്‍, ദേശാഭിമാനി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ പ്രേമനാഥ്, ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസി. എഡിറ്റര്‍ എം.പി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ഐ.സി.ജെ കണ്‍വീനര്‍ പി.എസ്. രാകേഷ് സ്വാഗതവും ട്രഷറര്‍ ഇ.പി മുഹമ്മദ് നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply