കോഴിക്കോട്: വാസ്തുവിദ്യയുടെ ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള മനസ്സിനെ സ്പര്‍ശിക്കുന്ന സെഷനുകളുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് (ഐഐഎ) സംഘടിപ്പിക്കുന്ന യംഗ് ആര്‍ക്കിടെക്‌സ് ഫെസ്റ്റിവല്‍ (യാഫ്) ക്രോസ്‌റോഡ്‌സ്-2022-ലെ രണ്ടാം ദിവസം. പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ വാസ്തുശില്പി പീറ്റര്‍ റിച്ച്, പ്രശസ്ത ആര്‍ട്ടിസ്റ്റ് ബോസ് കൃഷ്ണമാചാരി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ചെയര്‍മാന്‍ ഹബീബ് ഖാന്‍, അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ പ്ലാനിംഗ് ആന്‍ഡ് ടെക്‌നോളജിയിലെ മുന്‍ ആര്‍ക്കിടെക്ചര്‍ വകുപ്പ് മേധാവി പ്രൊഫ.നീല്‍കാന്ദ് ഛായ്, കെ.ടി.രവീന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
വാസ്തുവിദ്യാ സ്ഥാപനങ്ങള്‍ ഗുണനിലവാരമുള്ള വാസ്തുശില്പികളെ വാര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇത് വാസ്തുവിദ്യയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ചെയര്‍മാന്‍ ഹബീബ് ഖാന്‍ പറഞ്ഞു. അക്കാദമിക് വിഷയങ്ങളും വാസ്തുവിദ്യയും തമ്മിലുള്ള വിടവ് വര്‍ധിച്ചിരിക്കുന്നു,വാസ്്തു വിദ്യാ രംഗം കടന്നു പോകുന്ന അതിവേഗത്തിലുള്ള മാറ്റങ്ങള്‍ മനസിലാക്കുന്നതിലും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ജോലിയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ അധ്യാപന സമ്പ്രദായം പരാജയപ്പെട്ടുവെന്നും ഹബീബ് ഖാന്‍ പറഞ്ഞു.
ആശയരൂപീകരണത്തില്‍ ആളുകളുടെ ജീവിതത്തിനും വികാരങ്ങള്‍ക്കും ഒരു സുപ്രധാന സ്ഥാനം നല്‍കണമെന്നുംവാസ്തുവിദ്യാ പഠന കേന്ദ്രങ്ങളുടെ അക്കാദമിക് മികവ് പുനഃപരിശോധിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനും സമയമായെന്നും മുംബൈയില്‍ നിന്നുള്ള ആര്‍ക്കിടെക്റ്റ് രൂപാലി ഗുപ്‌തെ പറഞ്ഞു.
യംഗ് ആര്‍ക്കിടെക്റ്റ് ഫെസ്റ്റിവെല്‍ ഇന്ന് സമാപിക്കും. വൈഎഎഫ് അവാര്‍ഡും റീവീവ് കോഴിക്കോട് ഡിസൈന്‍ മത്സരത്തിലെ വിജയികളെയും ഇന്ന് പ്രഖ്യാപിക്കും. സമാപന ചടങ്ങില്‍ പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. റീവീവ് കോഴിക്കോടില്‍ ഒന്നാം സ്ഥാനക്കാരന് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം മൂന്നു ലക്ഷവും ഒരു ലക്ഷവും വീതം ലഭിക്കും.
രണ്ടാം ദിനത്തില്‍ അഭൂതപൂര്‍വ്വമായി തിരക്കാണ് എല്ലാ വേദികളും അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ആര്‍ക്കിടെക്റ്റുകള്‍ ചര്‍ച്ചകള്‍ക്ക് ശ്രോതാക്കളായി. യംഗ് ആര്‍്ക്കിടെക്റ്റ് അവാര്‍ഡിലെ തെരഞ്ഞെടുത്ത എന്‍ട്രികള്‍ അവതരിപ്പിച്ച വേദിയിലായിരുന്നു കൂടുതല്‍ തിരക്ക്. 2200 ആര്‍ക്കിടെക്റ്റുകളാണ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എത്തിയിരിക്കുന്നത്. വിവിധ വാസ്തുവിദ്യാ പഠന കേന്ദ്രങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ യുവപ്രതിഭകള്‍ അവതരിപ്പിച്ച ഡിസൈനുകള്‍ വിലയിരുത്തി.