Thursday, January 23, 2025
Latest

കേന്ദ്ര സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം: കെ കെ ബാലൻമാസ്റ്റർ


കോഴിക്കോട്: ഫെഡറൽ സംവിധാനം നിലനിൽക്കുന്ന രാജ്യത്ത് സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട സാമ്പത്തിക ആനൂകൂല്യങ്ങൾ കേന്ദ്രസർക്കാർ അനുവദിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെൻഷന്‍കാരുടെ അവകാശങ്ങൾ നാളത്തേക്ക് എന്നരീതിയിൽ മാറ്റിവെക്കേണ്ടതല്ലെന്നും അങ്ങനെ പരിഗണിക്കപ്പെടേണ്ട വിഭാഗമല്ല പെൻഷൻകാരെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പെൻഷൻകാർക്കും ജീവനക്കാർക്കും എത്തിപ്പെടാൻ സാധിക്കുന്ന ആശുപത്രികൾ മെഡിസെപ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തി, ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലും ചികിത്സ നേടുന്ന ഉപഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന രീതിയിൽ പദ്ധതി പുനക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയതാൽപര്യം വെച്ചുകൊണ്ടുള്ള നിലപാട് മൂലം സംസ്ഥാനത്തെ ജനങ്ങളാണ് പ്രതിസന്ധിയിലാവുന്നത്. മോദി സർക്കാരിന്റെ ജനദ്രാേഹ നടപടികളുടെ ഭാഗമായി രാജ്യത്ത് ആവശ്യസാധനങ്ങളുടെ വില ദിനംപ്രതി വർധിക്കുകയാണ്. അതേസമയം കർഷകന് അവന്റെ ഉൽപ്പന്നത്തിന്റെ വില ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻഷൻ കുടിശ്ശിക അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പെൻഷനേഴ്സ് കൗൺസിൽ പ്രക്ഷോഭം നടത്തുന്നത്.
ജില്ലാപ്രസിഡന്റ് ടി ഹസ്സൻ അധ്യക്ഷത വഹിച്ചു. ടി എം സജീന്ദ്രൻ, കെ ജയപ്രകാശ്, അഹമ്മദ് കുട്ടി കുന്നത്ത്, യൂസഫ് കോറോത്ത്, എ കെ ചന്ദ്രൻ മാസ്റ്റർ, പി വി മാധവൻ, സി എം കേശവൻ, പ്രൊഫ. ടി കെ രാമകൃഷ്ണന്‍, ഡോ. സിദ്ദീഖ് എന്നിവർ ധർണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
രാജൻ ചോലക്കൽ, പി പ്രേംകുമാർ, മുരളി മാസ്റ്റർ, പി എം കരുണാകരൻ, എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply