കോഴിക്കോട്; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. കോഴിക്കോട് ജില്ലയില്‍ കോഴിക്ക് 150 മുതല്‍ 160 രൂപ വരെയും, ഇറച്ചിക്ക് 200 മുതല്‍ 220 വരെയുമാണ് വില. കഴിഞ്ഞ മാസം കോഴിക്ക് 120 – 135 രൂപ വരെയും ഇറച്ചിക്ക് 170- 190 വരെയുമായിരുന്നു വില.
കോഴിക്കുഞ്ഞുങ്ങളുടെ വിലയും കൂടി. കുഞ്ഞൊന്നിന് ഇപ്പോള്‍ മുപ്പത് രൂപ വരെ നല്‍കണം. നേരത്തെ 15, 20 രൂപയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ കിട്ടിയിരുന്നു. കോഴിത്തീറ്റയുടെ വിലയും കുത്തനെ ഉയര്‍ന്നു. ചാക്ക് ഒന്നിന് 300 രൂപയുടെ വര്‍ദ്ധനവുണ്ടായി. വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുകയാണ്. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറിയുടെ വരവ് കുറഞ്ഞതും ഇന്ധന വില വര്‍ദ്ധനവുമാണ് വില ഉയരാന്‍ കാരണം. സവാളയ്ക്ക് പിന്നാലെ സംസ്ഥാനത്ത് തക്കാളിയുടെ വിലയും കുതിച്ചുയരുകയാണ്. സവാളയ്ക്കും തക്കാളിക്കും ഒരാഴ്ചക്കിടെ ഇരട്ടിയിലധികം വിലയാണ് വര്‍ദ്ധിച്ചത്. തക്കാളി വില കിലോഗ്രാമിന് എഴുപത് രൂപ പിന്നിട്ടു. വിള നാശവും ലോറി വാടക കൂടിയതും വിലക്കയറ്റത്തിനു കാരണമായതായി വ്യാപാരികള്‍ പറയുന്നു.
വരും ദിവസങ്ങളില്‍ വില കുതിയ്ക്കാനാണ് സാദ്ധ്യത. ഒരാഴ്ച മുമ്പ് 20 രൂപയായിരുന്ന സവാള വില മൊത്തവിപണിയില്‍ 38 കടന്നു. ചില്ലറ വിപണിയിലെത്തുമ്പോള്‍ 45നു മുകളിലാണ് വില. തക്കാളിക്ക് ഒരാഴ്ച കൊണ്ട് 16 രൂപ കൂടി 32 ആയി. കടകളിലെത്തുമ്പോള്‍ 70 രൂപ വരെ വിലയുണ്ട്. മുരിങ്ങക്കായുടെ വില ഇരുപത് രൂപയോളം കൂടി. പയറിനും ബീന്‍സിനും ക്യാരറ്റിനുമെല്ലാം വില കൂടിയിട്ടുണ്ട്. ഇതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റുന്ന അവസ്ഥയായി. പച്ചമുളകിനും വെള്ളരിക്കും മത്തങ്ങയ്ക്കുമൊക്കെയാണ് കാര്യമായി വില വര്‍ദ്ധിക്കാത്തത്.
കര്‍ണാടകയിലെ കാര്‍ഷിക മേഖലയായ ചിക്കബല്ലാപ്പൂര്‍, കോലാര്‍, ബംഗളൂരു റൂറല്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ കുറച്ച് ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴ ഈ രീതിയില്‍ തുടര്‍ന്നാല്‍ അറുപത് ശതമാനമെങ്കിലും വിളവ് കുറയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മലയാളികളെയാണ് ഇത് ഏറെ ബാധിക്കുക.