Friday, May 17, 2024
GeneralLatestTourism

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഉത്സവമായി നടത്തും – മന്ത്രി പി.എ മുഹമ്മദ് റിയാസ്


കോഴിക്കോട്:വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന ‘ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്‘ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവാന്തരീക്ഷത്തില്‍ നടത്തുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. പരിപാടിയുടെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനറല്‍ കമ്മിറ്റി, എക്‌സിക്യൂട്ടീവ് കമ്മിറ്റി, സബ് കമ്മിറ്റികള്‍ എന്നിവയാണ് രൂപീകരിച്ചത്. ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യരക്ഷാധികാരിയും മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.കെ രാഘവന്‍ എം പി, മേയര്‍ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി എന്നിവര്‍ രക്ഷാധികാരികളുമായ ജനറല്‍ കമ്മിറ്റിയില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും മുന്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയ വൈസ് ചെയര്‍മാനും സബ്കലക്ടര്‍ ജനറല്‍ കണ്‍വീനറും ടൂറിസം റീജണല്‍ ജോയിന്റ് ഡയറക്ടര്‍ ജോയിന്റ് കണ്‍വീനറുമാണ്. ജനറല്‍ കമ്മിറ്റിയുടെ ചെയര്‍മാനും മറ്റ് കമ്മിറ്റികളുടെ കണ്‍വീനര്‍മാരും അടങ്ങുന്നതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. 12 സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

ഡിസംബറില്‍ ചാലിയാറിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുക.

സംസ്ഥാന വിനോദ സഞ്ചാര വകുപ്പും വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും യോജിച്ചാകും രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കുംവിധം അന്താരാഷ്ട്ര ജലമേള സംഘടിപ്പിക്കുക. ജല കായിക വിനോദ രംഗത്തെ സര്‍വ്വ സാധ്യതകളേയും പരമാവധി പ്രയോജനപ്പെടുത്തും.

ചാലിയാര്‍, ബേപ്പൂര്‍ മറീന എന്നിവ കേന്ദ്രീകരിച്ചാണ് ജലോത്സവം നടത്തുക.

ചാലിയാറില്‍ സുരക്ഷിതമായ ഏരിയ കണ്ടെത്തി ഒരു കിലോമീറ്ററോളം ദൈര്‍ഘ്യത്തിലാണ് സംഘടിപ്പിക്കുക.

വിവിധയിനം വള്ളം കളി മത്സരങ്ങള്‍ക്കു പുറമെ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ജലാശയ കായിക ഇനങ്ങള്‍ ഫെസ്റ്റിലുണ്ടാവും. ഇതോടൊപ്പം എല്ലാ വിഭാഗമാളുകള്‍ക്കും ആസ്വാദ്യകരമായ ഫ്‌ലോട്ടിങ് സംഗീത പരിപാടികള്‍, ലൈറ്റ്‌ഷോകള്‍, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകള്‍ എന്നിവയും ആഘോഷങ്ങളുടെ ഭാഗമാകും.

യോഗത്തിൽ മേയര്‍ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി, ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജ, എ.ഡി.എം മുഹമ്മദ് റഫീഖ്, സബ് കലക്ടര്‍ ചെല്‍സസിനി, ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്, അസിസ്റ്റന്റ് കലക്ടര്‍ മുകുന്ദ് കുമാര്‍, റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ സി. എന്‍.അനിതകുമാരി, ഡെപ്യൂട്ടി ഡയറക്ടര്‍ മനോജ് കെ.സി, ഡി.ടി.പി.സി സെക്രട്ടറി സി.പി ബീന, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply