ശബരിമല:സന്നിധാനം തിരുസന്നിധിയിൽ എത്തുന്ന ഭക്തർക്ക് ഏറെ പ്രിയപ്പെട്ട അർച്ചനയാണ് പുഷ്പാഭിഷേകം. ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് സ്വാമി അയ്യപ്പന് ഏറ്റവും പ്രിയപ്പെട്ട അഭിഷേകമാണ് പുഷ്പാഭിഷേകമെന്നാണ് ഐതിഹ്യം.
തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ എല്ലാ ദിവസവും വൈകിട്ട് ഏഴ് മുതൽ ഒൻപത് മണി വരെയാണ് പുഷ്പാഭിഷേകം നടത്തുന്നത്. പുഷ്പാഭിഷേകം ചെയ്യുന്ന ഒരു സംഘത്തിലെ അഞ്ച് പേർക്ക് പ്രത്യേക ദർശനവും, വിശേഷ പൂജകളും നടത്തും. 12,500 രൂപയാണ് ഒരു പുഷ്പാഭിഷേകത്തിന്റെ ചിലവ്.
എട്ടുതരം പൂക്കളാണ് പുഷ്പാർച്ചനയ്ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്–താമര, തെറ്റി, തുളസി, കൂവളം, അരുളി, ജമന്തി, മുല്ല, റോസ്. ഇവയെല്ലാം കേരളത്തിന്റെ അതിർത്തി കടന്നാണ് എത്തുന്നത്. കമ്പം, ദിണ്ടിഗൽ, ഹോസൂർ തുടങ്ങിയ തോട്ടങ്ങളിൽ നിന്ന് നേരിട്ട് ശേഖരിച്ച് പമ്പയിൽ എത്തും. ഇവിടെ നിന്നും ട്രാക്ടറിൽ അയ്യന്റെ തിരുസന്നിധിയിലേക്ക്.
പ്രതിദിനം ശരാശരി 12 പുഷ്പാർച്ചനയാണ് സന്നിധാനത്ത് നടത്തുന്നത്. നവംബർ 17 മുതൽ ഡിസംബർ മൂന്ന് വരെ 461 പുഷ്പാർച്ചകൾ നടന്നു.
പുഷ്പാർച്ചനയ്ക്ക് പുറമേ അഷ്ടാഭിഷേകം, കളഭാഭിഷേകം, നെയ്യഭിഷേകം, മാളികപ്പുറത്ത് ഭഗവതിസേവ എന്നിവയും ശബരിമലയിലെ പ്രധാന പൂജകളാണ്. അഷ്ടാഭിഷേകം രാവിലെ 5.30 മുതൽ 11.30 വരെയും, കളഭാഭിഷേകം 12.30 നും, നെയ് അഭിഷേകം പുലർച്ചെ 3.30 മുതൽ 7 വരെയുമാണ് നടത്തുന്നത്.