Wednesday, July 17, 2024
LatestLocal NewsPolitics

അടിയന്തരാവസ്ഥാ വിരുദ്ധദിനാചരണം നടത്തി


കോഴിക്കോട്: ചരിത്ര ഏടുകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് പുതിയ തലമുറയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമതി അംഗം കെ.പി. ശ്രീശന്‍. അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥയും ദേശീയ വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥാ ചരിത്രം ശരിയായ അര്‍ത്ഥത്തിലും ആഴത്തിലും പുതിയ തലമുറയിലേക്ക് പകര്‍ന്ന് നല്‍കാന്‍ സാധിച്ചിട്ടില്ല. അടിയന്തരാവസ്ഥയിലേക്ക് നയിച്ച രാഷ്ട്രിയ സാഹചര്യം അന്വേഷിക്കുമ്പോള്‍, ജനാധിപത്യമെന്ന വാക്കിന്റെ ആദ്യത്തെ രണ്ടക്ഷരമായ ജനം എന്നത് അധികാരത്തിന്റെ തിമിരം ബാധിച്ച അന്നത്തെ പ്രധാനമന്ത്രി കാണാതെ പോയതിന്റെ അടിയന്തര ഫലമായാണ്. അതിലുപരി അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഒരു സാഹചര്യവും അന്ന് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല.
ഇതിന് പിന്നില്‍ നടക്കുന്ന കാര്യങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുന്നത് തടസപ്പെടുത്തുന്നതിനായി  ജന്മഭൂമിയടക്കം മുന്നൂറോളം പത്രങ്ങളുടെ വായ മൂടിക്കെട്ടി. എന്നാല്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് അംഗീകരിക്കാനോ മാപ്പ് പറയാനോ നാളിതുവരെ പങ്കാളികള്‍ തയ്യാറായിട്ടില്ല.
ബ്രീട്ടിഷുകാരുടെ കാലത്ത് പോലും കാണാത്ത കൊടിയ പീഡനങ്ങള്‍ക്കെതിരെ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്രം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച അടിയന്തരാവസ്ഥാ പോരാളികളെ കുറിച്ചുള്ള യഥാര്‍ത്ഥ ചരിത്രം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അടിയന്തരാവസ്ഥയിലെ ഏകാധിപത്യത്തിനും കരിനിയമങ്ങള്‍ക്കുമെതിരെ ശബ്ദിക്കാത്തവര്‍, ഇപ്പോള്‍ പാര്‍ലിമെന്റില്‍ പാസാക്കുന്ന നിയമങ്ങള്‍ക്കെതിരെ തെരുവിലിറങ്ങുന്നത് വിരോധാഭാസമാണ്. ചരിത്ര ഏടുകള്‍ പരിശോധിച്ച് അതില്‍ നിന്ന് പഠിക്കാനുള്ളത് പഠിക്കാനും തിരുത്താനുള്ളത് തിരുത്താനും നമ്മള്‍ തയ്യാറാകണം. ആ ഒരു കാഴ്ച്ചപ്പാട് മുന്നോട്ട് വച്ചുകൊണ്ടാണ് അടിയന്തരാവസ്ഥാ വിരുദ്ധദിനം ഭാരതീയ ജനതാപാര്‍ട്ടി ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 *എ പ്ലസ് അല്ല ഡൂ പ്ലസ് ആണ് വേണ്ടത്*
നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന 347 പദ്ധതികളില്‍ ഏറ്റവും പ്രാധാന്യമുള്ള, ഗുണമേല്‍മയുള്ള മനുഷ്യശേഷി സൃഷ്ടിക്കാനുതകുന്ന ഒരു പ്രോജക്ടാണ് നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷനുമായ ഡോ.എം. അബ്ദുള്‍ സലാം വിഷയാവതരണത്തില്‍ അഭിപ്രായപ്പെട്ടു.എ പ്ലസിനുവേണ്ടിയല്ല ഡൂ പ്ലസിന് വേണ്ടിയാണ് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുളള അപര്യാപ്തതകളൊക്കെ പരിഹരിക്കാന്‍ പ്രയാപ്തമായ ചുവടുവെയ്പാണ് ദേശീയ വിദ്യാഭ്യാസ നയത്തിലുളളതെന്ന് എഴുത്തുകാരിയും,സെന്‍റ് സേവ്യര്‍ കോളേജ് അസോസിയേറ്റ് പ്രൊഫസറുമായ ഡോ:ഇ.പി.ജ്യോതി അഭിപ്രായപ്പെട്ടു.ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് ഹരിദാസ് പൊക്കിണാരി, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടുളി,ടി.കെ.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. അടിയന്തരാവസ്ഥ സമരത്തില്‍ പങ്കെടുത്തവരെ ചടങ്ങില്‍ ആദരിച്ചു.

Reporter
the authorReporter

Leave a Reply