കോഴിക്കോട്: മാനസിക പിരിമുറുക്കം നിറഞ്ഞ ജോലിത്തിരക്കിന് ഒരിടവേള നൽകി മലബാറിലെ ഐടി പ്രൊഫഷണലുകൾ ആവേശത്തോടെ ക്രീസിൽ ഇറങ്ങി. മലബാർ മേഖലയിലെ ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കട്ട് ഫോറം ഫോർ ഐടി (കാഫിറ്റ്) സംഘടിപ്പിക്കുന്ന കാഫിറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്‍റെ അഞ്ചാം പതിപ്പിലാണ് ഐടി ജീവനക്കാർ ക്രിക്കറ്റ് പിച്ചിലിറങ്ങിയത്.
ടൂർണമെൻ്റിൽ 50 ടീമുകളാണ് പോരാട്ടത്തിനിറങ്ങുന്നത്. 38 പുരുഷ ടീമുകളും 12 വനിതാ ടീമുകളുമാണ് കാഫിറ്റ് പ്രീമിയർ ലീഗിൽ മാറ്റുരയ്ക്കുന്നത്. കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30 മുതൽ രാത്രി പത്തുവരെയാണ് മത്സരങ്ങൾ.
പ്രോഗ്ബിസും കാപിയോ ഇൻ്ററാക്ടീവും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആറ് വിക്കറ്റിന് പ്രോഗ്ബിസ് വിജയിച്ചു. ഇന്നലെ 18 മത്സരങ്ങളാണ് നടന്നത്. കോഴിക്കോട് ഗവ. സൈബർ പാർക്ക് സിഇഒ എം.എസ്. മാധവിക്കുട്ടി ഐഎഎസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ വിവേക് നായർ, കാഫിറ്റ് പ്രസിഡൻ്റ് കെ.വി.അബ്ദുൾ ഗഫൂർ, സെക്രട്ടറി ആനന്ദ് ആർ കൃഷ്ണൻ, കാഫിറ്റ് ജിഎം അംജദ് അലി അമ്പലപ്പള്ളി, ടി. സജീർ, കവിത, റോസിക്ക്, കാർത്തിക്, ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.
ഞായറാഴ്ച്ചയാണ് ഫൈനൽ.