കോഴിക്കോട്: ഓൾ ഇന്ത്യാ മലയാളി അസ്സോസിയേഷൻ, കേരള സ്റ്റേറ്റ് ഏർപ്പെടുത്തിയ പ്രഥമ ദൃശ്യ-മാധ്യമ പുരസ്‌കാരം -2021, ഫെബ്രുവരി 26 ന് കോഴിക്കോട് ടാഗോർ ഹാളിൽ വച്ചു നൽകുന്നു. മലയാള ടെലിവിഷൻ ചാനലുകളിൽ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന സീരിയലുകളെ മുൻ നിർത്തി 20 അവാർഡുകളും, വാർത്താ ചാനലുകളിൽ മികച്ച പ്രകടനം നടത്തിയ 7 മാധ്യമ പ്രവർത്തകർക്കുമാണ് പുരസ്‌കാരം നൽകുന്നത്. ഈ അവാർഡുകൾ വർഷംതോറും നൽകുവാനാണ് എയ്മ -കേരള ഉദ്ദേശിക്കുന്നത്. പുരസ്‌കാര ചടങ്ങുകളിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖർ, കേരള സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, എയ്മ ദേശീയ പ്രസിഡന്റ് ഗോകുലം ഗോപാലൻ തുടങ്ങിയവരെ പങ്കെടുപ്പിക്കും. മികച്ച സീരിയലുകളെയും, അഭിനേതാക്കളെയും നിർണ്ണയിക്കുന്നതിന് വേണ്ടി പ്രസിദ്ധ ചലച്ചിത്ര, സീരിയൽ പ്രവർത്തകരെ ജൂറിമാരായി ചുമതലപ്പെടുത്തിയുട്ടുണ്ട്.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ രവീന്ദ്രൻ പൊയിലൂർ, മാന്ത്രികൻ പ്രദീപ് ഹൂഡിനോ, പി. സി. കെ. രാജൻ, യാനിജ്, എം. കെ. ബൈജു, പ്രഭാ ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.