Art & CultureGeneralLatest

ആർപ്പോയ് ആപ്പ് പ്രവർത്തനം തുടങ്ങി


കോഴിക്കോട്:മലയാളത്തിലുള്ള ഓഡിയോ ആവിഷ്കാരങ്ങൾക്കു മാത്രമായുള്ള ആദ്യത്തെ ഓഡിയോ ഓൺ ഡിമാൻഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം “ആർപ്പോയ്” പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ ആണ് ആർപ്പോയ് പ്രകാശനം ചെയ്തത്.
മൊബൈൽ ഫോണിലോ ടാബ്‌ലെറ്റിലോ ഇൻസ്റ്റാൾ ചെയ്യാവുന്ന ആപ്ലിക്കേഷൻ ആണ് ആർപ്പോയ്. തത്സമയ പ്രക്ഷേപണമുള്ള റേഡിയോ പരിപാടികൾക്ക് പകരം എപ്പോൾ വേണമെങ്കിലും കേൾക്കാനും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും മറ്റുള്ളവരുമായി പങ്കു വെക്കാനും കഴിയുന്നവയാണ് ആർപ്പോയിലുള്ള പരിപാടികൾ. മലയാളത്തിൽ ആദ്യമായി 360° ഡിഗ്രിയിൽ 3D ശബ്ദ മികവോടെയുള്ള പരിപാടികളും ആർപ്പോയിൽ ഉണ്ടായിരിക്കും.

വിനോദം, വിജ്ഞാനം, സംഗീതം, സാഹിത്യം, നാടകാവിഷ്ക്കാരങ്ങൾ, കല്പിതകഥകൾ, അനുഭവങ്ങൾ, കുറ്റാന്വേഷണം, ക്ലാസ്സുകൾ, ശാസ്ത്രം തുടങ്ങിയ വിവിധ തരം പരിപാടികളാണ് ആർപ്പോയിയിൽ ഉണ്ടാവുക. ആഴ്ചതോറും പുതിയ പരിപാടികൾ ലഭ്യമാകും.
അന്നയും റസൂലും, കമ്മട്ടിപ്പാടം, ഞാൻ സ്റ്റീവ് ലോപ്പസ്, ഈട, കിസ്മത്, തുറമുഖം തുടങ്ങിയ ചലച്ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വൺ ആണ് ആർപ്പോയിയുടെ പിന്നിൽ. നിലവാരമുള്ള വിനോദ വിജ്ഞാന പരിപാടികളിലുടെ ആഗോളമലയാളി സമൂഹത്തിന് മാതൃഭാഷയുടെ സൗരഭ്യം ആർപ്പോയിലൂടെ ആസ്വദിക്കാനാകും.
പതിറ്റാണ്ടുകളോളം ഗൾഫിൽ മലയാളികൾ നേരിടേണ്ടി വരുന്ന പലതരം പ്രശ്നങ്ങളിൽ ഇടപെട്ടു സഹായിച്ചിരുന്ന അമാനുള്ളയുടെ ഓർമ്മക്കുറിപ്പുകളുടെ നാടകാവിഷ്കരണമാണ് ആർപ്പോയിയുടെ ആദ്യ സീസണിലെ ശ്രദ്ധേയമായ ഒരു പരിപാടി. പ്രമുഖ ചലച്ചിത്രനടനും സംവിധായകനുമായ ശ്രീനിവാസൻ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ ചലച്ചിത്ര നടൻ ഇർഷാദും ശബ്ദം നൽകുന്നുണ്ട്. കൂടാതെ ഇടുക്കിയിലെ വനാന്തരങ്ങളിൽ നിന്നു പകർത്തിയ 360 ഡിഗ്രി പ്രകൃതിശബ്ദങ്ങളും മട്ടാഞ്ചേരിയിലെ അധോലോകനായകനായ ചെണ്ടുവിന്റെ അഭിമുഖവും ഒക്കെ ആർപ്പോയിൽ ഒരുക്കുന്ന വിഭവങ്ങളാണ്.

ആർപ്പോയ്…
മലയാളം മുഴങ്ങട്ടെ !
ആർപ്പോയ് ആപ്പ് ഗൂഗ്ൾ പ്ലേസ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്
www. aarpoy.com


Reporter
the authorReporter

Leave a Reply