Friday, December 6, 2024
Latestsports

25 മത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് കോഴിക്കോട്, 2023 ഫെബ്രുവരി 23 മുതൽ 27 വരെ


കോഴിക്കോട് : ഇൻറർ നാഷണൽ ഫൂട്ട് വോളി ഫെഡറേഷന്റെയും ഏഷ്യൻ ഫുട്ട് വോളി ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ ഇന്ത്യൻ  ഫൂട്ട് വോളി ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 25 ആം മത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് ,  2023 ഫെബ്രുവരി 23 മുതൽ 27 വരെ കോഴിക്കോട് ബീച്ചിൽ നടത്താൻ തീരുമാനിച്ചതായി സംഘാടകരായ ഫൂട്ട് വോളി അസോസിയേഷൻ കേരള അറിയിച്ചു.
ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ശനിയാഴ്ച (22-10-20 22 ) കലക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ വൈകു. 3 മണിക്ക് നടക്കും.പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ,മൈ ജി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ  എ കെ ഷാജിയ്ക്ക് നൽകി പ്രകാശനം നിർവ്വഹിക്കും.തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ ഡോ. നരസിംഗുഹാരി ടി എൽ റെഡി മുഖ്യതിഥിയാകും. മുൻ എം എൽ എ  എ.പ്രദീപ് കുമാർ , ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, സ്പോർട്സ് കൗൺസിൽ അംഗം  ടി എം അബ്ദു റഹിമാൻ , സംഘാടക സമിതി ട്രഷറർ കെ വി അബ്ദുൾ മജീദ്  ,ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് , കോർഡിനേറ്റർ അബ്ദുല്ല മാളിയേക്കൽ എന്നിവർ സന്നിഹിതരാകും.
ഇതാദ്യമാണ്  വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻ ഷിപ്പിന് കേരളം ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും ഒടുവിൽ ചാമ്പ്യൻഷിപ്പ് 2019 ഡിസംബറിൽ തായ് ലാന്റിൽ നടത്തി. അമേരിക്ക, ജർമ്മനി, ബ്രസീൽ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള പുരുഷ – വനിതാ മത്സരാർത്ഥികൾ  മാറ്റുരയ്ക്കും. ഇതിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ 2023 മാർച്ചിൽ  ചെന്നൈയിൽ നടക്കുന്ന ഏഷ്യൻ ബീച്ച് ചാമ്പ്യൻഷിപ്പിലും പങ്കാളികളാകും.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വെച്ച ചാമ്പ്യൻഷിപ്പ് കേരളത്തിൽ പ്രത്യേകിച്ച് കായിക പ്രേമികളുടെ നാടായ കോഴിക്കോട്  നടത്തുന്നതിന്റെ ആവേശത്തിലാണ് സംഘാടകർ . കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് ഊർജ്ജം പകരുന്ന രീതിയിലാകും ചാമ്പ്യൻഷിപ്പ് ആസൂത്രണ ചെയ്യുകയെന്ന്  ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി എ കെ മുഹമ്മദ് അഷറഫ് പറഞ്ഞു.

Reporter
the authorReporter

Leave a Reply