Tuesday, November 28, 2023
GeneralLatestPolitics

കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേത് ; മുഖ്യമന്ത്രി പിണറായി വിജയൻ


കോഴിക്കോട്: കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേത്  എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാൻ കോൺഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായി എന്നതാണ് ധീരജിൻ്റെ മരണത്തിലൂടെ കാണേണ്ടത്. കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും ഉണ്ടായില്ല. സംഘർഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ട. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നാട് അതിൻ്റെ കൂടെ നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ യൂത്ത് കോൺ​ഗ്രസുകാരുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ ശക്തമായി അപലപിച്ചാണ് മുഖ്യമന്ത്രി സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശങ്ങളോട് അതിരൂക്ഷമായ ഭാഷയിലുള്ള പ്രതികരണം കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

ഇന്നത്തെ ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ആഗോള വൽക്കരണം അല്ലാത്ത നയമുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ബി ജെ പി ക്ക് ബദലായി എങ്ങനെ കോൺഗ്രസ് വരും. ഈ രാജ്യത്തെ ജനങ്ങൾ ബിജെപിക്ക് ബദലായി കോൺഗ്രസിനെ കാണുന്നില്ല. കോൺഗ്രസിന് വിശ്വാസത്തകർച്ചയുണ്ടായി. ഏറ്റവും വലിയ വിശ്വാസതകർച്ച നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ്. ബി ജെ പി ഭരണം തുടരുന്ന അവസ്ഥ ഉണ്ടായിക്കൂടാ. ബി ജെ പി യെ അധികാരത്തിൽ നിന്ന് മാറ്റാൻ സി പി എം നിർദ്ദേശിക്കുന്നത് വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളുടെ ഒരുമിക്കലാണ്. യുപിയിൽ അഖിലേഷിൻ്റെ നേതൃത്യത്തിൽ ബിജെപിക്കെതിരെ ശക്തമായ മുന്നേറ്റം ഉണ്ടാകുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കരുത്തുറ്റ പ്രാദേശിക കക്ഷികൾ ഉണ്ട്. ഇത് കൂടുതലായി ബിജെപിക്കെതിരെ ഉപയോഗിക്കണം. അതുവഴി ഒറ്റപ്പെടുത്താനാകണം.

സി പി എം ഇതിനെല്ലാം പറ്റുന്ന മഹാശക്തിയുള്ളവരാണെന്ന് അവകാശപ്പെടുന്നില്ല. എന്നാൽ മതനിരപേക്ഷ നിലപാടിലൂടെയും മികച്ച സാമ്പത്തിക നയത്തിലൂടെയും ജനങ്ങൾക്കിടയിൽ സിപിഎമ്മിൻ്റെ വിശ്വാസ്യത കൊടുമുടിയോളം വളർന്നു. പ്രാദേശിക ശക്തികൾക്കൊപ്പം നിന്ന് മഹാശക്തി രൂപപ്പെടുത്താനാണ് ഇടതുപക്ഷത്തിൻ്റെ ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കാൻ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടായി. ബി ജെ പിയുടെ അന്വേഷണ ഏജൻസികളെപ്പോലും അതിനായി ഉപയോഗിച്ചു. വലത് പക്ഷ മാധ്യമങ്ങൾ ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിച്ചവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അത് തുടർന്നു. എല്ലാവരും ചേർന്ന് എൽഡിഎഫിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തി.എൽഡിഎഫിന് വിശ്വാസ തകർച്ചയുണ്ടാകുമെന്ന് ഇക്കൂട്ടർ കരുതിയെങ്കിലും ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. എൽഡിഎഫ് നടത്തിയ വികസന പ്രവർത്തനമാണ് വിജയത്തിന് കാരണമെന്ന് എതിരാളികൾക്ക് മനസിലായി. അതു കൊണ്ട് ഇനിയൊരു വികസനവും നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് അവർ തീരുമാനിച്ചു.

കെ റെയിലിനെയും ഇക്കൂട്ടർ എതിർക്കുകയാണ്. ഒരു നാടിനു വികസനം വേണ്ട എന്നാണ് നിലപാട്. ഇതിലും വലിയ ദ്രോഹമുണ്ടോ. നിങ്ങൾ വേണ്ടെന്ന് വച്ച എന്തെല്ലാം ഇന്ന് യാഥാർത്ഥ്യമായി. ജനം കക്ഷി വ്യത്യാസമന്യേ പദ്ധതിയെ അനുകൂലിക്കുന്നു. ഭൂമിയെടുക്കുമ്പോഴുള്ള പ്രയാസം മനസിലാക്കാനും പരിഹാരം കാണാനുമുള്ള നടപടിയാണ് വേണ്ടത്.  ഏതെങ്കിലും നിക്ഷിപ്ത താൽപര്യക്കാർ എതിർക്കാൻ വന്നാൽ ജനം അത് അംഗീകരിക്കില്ല. സർക്കാർ ശക്തമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Reporter
the authorReporter

Leave a Reply