Wednesday, November 29, 2023
GeneralLatest

ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി


കോഴിക്കോട്:പന്തീരാങ്കാവിനടുത്തു പ്രവര്‍ത്തിക്കുന്ന പയ്യടിമീത്തല്‍ ഗവ.എല്‍.പി. സ്‌കൂളില്‍ ഫുഡ് സേഫ്റ്റി ഓഫീസറുടെ കൃത്യമായ ഇടപെടലില്‍ വന്‍ ഭക്ഷ്യവിഷബാധ ഒഴിവായി. സ്‌കൂളില്‍ കഴിഞ്ഞദിവസം രാവിലെ കുട്ടികള്‍ക്ക് നല്‍കാനായി പുഴുങ്ങി സൂക്ഷിച്ചിരുന്ന കോഴിമുട്ടയുടെ തോട് പൊളിച്ചപ്പോള്‍ ചില മുട്ടകളില്‍ പിങ്ക് നിറം കണ്ടു. മുട്ടയുടെ വെള്ള അല്പം കലങ്ങിയതായും കാണപ്പെട്ടു. ആശങ്ക തോന്നിയതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിലെ ടീച്ചര്‍ നൂണ്‍മീല്‍ ഓഫീസറെയും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു. പിങ്ക് നിറത്തിലുള്ള മുട്ടകള്‍ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുവാനാണ് പ്രാഥമികമായി ടീച്ചര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. എന്നാല്‍ കൃത്യസമയത്ത് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. ഇത്തരത്തില്‍ സുഡോമോണാസ് ബാധിച്ച കോഴിമുട്ടകള്‍ ഒരുമിച്ച് വേവിക്കുമ്പോള്‍ മുട്ടയുടെ വിണ്ടുകീറിയ തോട് വഴി മറ്റു മുട്ടകളിലേക്കും ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാമെന്ന കാര്യം അദ്ദേഹം ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തി ഈ മുട്ടകളുടെ സാമ്പിള്‍ ലാബില്‍ പരിശോധനയ്ക്ക് അയക്കുകയും മുട്ടകള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ ഉപയോഗത്തിനായി നല്‍കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ഈ മുട്ടകള്‍ നശിപ്പിച്ചു കളയാന്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. കുന്നമംഗലം ഫുഡ് സേഫ്റ്റി ഓഫീസറായ ഡോ.രഞ്ജിത് പി. ഗോപിയാണ് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചത്.


Reporter
the authorReporter

Leave a Reply