കോഴിക്കോട്: മഴക്കാലത്ത് പ്രകൃതി ദുരന്തങ്ങൾക്കിരയാകുന്നവർക്ക് റവന്യൂ വകുപ്പ് നൽകുന്ന നഷ്ടപരിഹാരം വ്യാപാരികൾക്കും ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വാടക കെട്ടിടങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സമയബന്ധിതമായി പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കണം. നിലവിൽ വ്യാപാര സ്ഥാപനങ്ങൾ കനത്ത മഴയിലും മറ്റും തകർന്നാൽ വ്യാപാരികൾക്ക് ഒരു സഹായവും അധികൃതരുടെ ഭാഗത്തു നിന്ന് ലഭിക്കുന്നില്ല. ജില്ലയിൽ പലയിടത്തും പ്രത്യേകിച്ച് കോഴിക്കോട് നഗരത്തിൽ മഴ കനത്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന അവസ്ഥയാണ്. വെള്ളക്കെട്ടു കാരണം ആളുകൾ കടകളിലേക്ക് വരാൻമടിക്കുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നു. കുറ്റമറ്റ ഡ്രൈനേജ് സംവിധാനങ്ങളൊരുക്കി ഇതിനു പരിഹാരം കാണണമെന്നും യോഗം ആഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് സൂര്യ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, സി വി ഇക്ബാൽ, സി കെ വിജയൻ, കെ എം റഫീഖ്, ഗഫൂർ രാജധാനി എന്നിവർ സംസാരിച്ചു









